ഹരിയാണയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്!! ഹൂഡയെ വിളിച്ച് സോണിയ ഗാന്ധി!!
ചണ്ഡീഗഡ്: ഇക്കുറിയും ഹരിയാണയില്‍ ബിജെപി തേരോട്ടം എന്നായിരുന്നു പുറത്തുവന്ന സര്‍വ്വേകള്‍ എല്ലാം പ്രവചിച്ചിരുന്നത്. ആകെയുള്ള 90 സീറ്റുകളില്‍ 75 ഉം ബിജെപി നേടുമെന്നായിരുന്നു പ്രവചനം. വോട്ടെണ്ണലിന്‍റെ തുടക്കത്തിലും ബിജെപി മുന്നേറുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ ആദ്യ റൗട്ട് വോട്ടണ്ണല്‍ പൂര്‍ത്തിയായതിന് പിന്നാലെ അപ്രതീക്ഷിത മുന്നേറ്റമായിരുന്നു കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തിയത്. ബിജെപി 37 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ 31 സീറ്റിലും കോണ്‍ഗ്രസ് മുന്നേറുകയാണ്. നിര്‍ണായക ശക്തിയായി ജെജെപിയും മാറിയതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.

അപ്രതീക്ഷിത തിരിച്ചടി
ലോക്സഭ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകളും നേടിയതിന്‍റെ ആത്മവിശ്വാസത്തിലായിരുന്നു ഇത്തവണ ബിജെപി ഹരിയാണയില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങിയത്. മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ സ്വീകാര്യതയും കാശ്മീറും ദേശസുരക്ഷാ വിഷയങ്ങളും ആയുധമാക്കിയായിരുന്നു ബിജെപിയുടെ പ്രചരണം.

ബിജെപിയുടെ പ്രകടനം
മിഷന്‍ 75 എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു നീക്കങ്ങള്‍ ഓരോന്നും. ബിജെപിയുടെ മിഷന്‍ വിജയത്തിലെത്തുമെന്നും 75 സീറ്റുകളില്‍ കൂടുതല്‍ പാര്‍ട്ടി നേടുമെന്നും എക്സിറ്റ് പോളുകളും പ്രവചിച്ചു. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ എക്സിറ്റ് പോളുകള്‍ ശരിവെയ്ക്കുന്നതായിരുന്നു ബിജെപിയുടെ പ്രകടനം.

സര്‍ക്കാര്‍ രൂപീകരിക്കാന്‍
എന്നാല്‍ ആദ്യ മണിക്കൂറുകള്‍ പൂര്‍ത്തിയായതോടെ അപ്രതീക്ഷിത മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. 46 സീറ്റുകളാണ് ഹരിയാണയില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യം. സംസ്ഥാനത്ത് 12 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയെ ഒപ്പം ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

ജെജെപിയെ ബന്ധപ്പെട്ടു
ദുഷ്യന്ത് ചൗട്ടാലയ്ക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. ദുഷ്യന്ത് ചൗട്ടാലയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കോണ്‍ഗ്രസ് വാഗ്ദാനം ചൗട്ടാല സ്വീകരിച്ചാല്‍ അപ്രതീക്ഷിത ട്വിസ്റ്റാകും ഹരിയാണയില്‍ നടക്കുക. അതേസമയം മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യുന്നവര്‍ക്കൊപ്പം സഖ്യത്തിന് തയ്യാറാണെന്ന് ദുഷ്യന്ത് ചൗട്ടാലയും പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ് ബന്ധപ്പെട്ടുവെന്ന വാര്‍ത്തകള്‍ ദുഷ്യന്ത് ചൗട്ടാല തള്ളി.

ഹൂഡയെ വിളിച്ച് സോണിയ
അതിനിടെ ഹരിയാണയിലെ രാഷ്ട്രീയ സാഹചര്യം ആരാഞ്ഞ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദറിനെ ഫോണില്‍ ബന്ധപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിക്കാനാവിശ്യമായ എല്ലാ പിന്തുണയും സോണിയ ഹൂഡയ്ക്ക് നല്‍കിയെന്നാണ് വിവരം. സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കുമാരി സെല്‍ജയും പ്രതികരിച്ചു.

ദില്ലിയിലേക്ക് വിളിപ്പിച്ചു
അതേസമയം തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചു. സീറ്റ് വിതരണത്തില്‍ നേരത്തേ തന്നെ ഖട്ടനിനോട് ഷാ കടുത്ത അതൃപ്ത പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ജെജെപിയെ ബന്ധപ്പെടാന്‍ ഷാ ഖട്ടറിനോട് നിര്‍ദ്ദേശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി ജെജെപിയെ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.












Click it and Unblock the Notifications