ഇസ്ലാമല്ല, ഭരണഘടനയാണ് അപകടത്തില്‍; കോണ്‍ഗ്രസിന് ബിജെപിയെ തോല്‍പ്പിക്കാനാവില്ലെന്നും ഒവൈസി
ന്യൂഡല്‍ഹി: രാജ്യത്ത് മതപരമായ ധ്രുവീകരണം നടക്കുന്നില്ലെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യ ടുഡേ കോണ്‍ക്ലേവ് സൗത്ത് 2023 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് തുല്യ ശക്തികളുള്ളപ്പോള്‍ ആണ് ധ്രുവീകരണം സംഭവിക്കുന്നത് എന്നും വാസ്തവത്തില്‍ ഇവിടെ ബി ജെ പി പ്രോത്സാഹിപ്പിക്കുന്ന ഭൂരിപക്ഷ വിദ്വേഷ അജണ്ടയാണ് ഉള്ളത് എന്നും ഒവൈസി പറഞ്ഞു.
ഇത് മുസ്ലീങ്ങളെ എന്നത്തേക്കാളുമധികം അകറ്റുകയും പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്തു എന്നും ഒവൈസി പറഞ്ഞു. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയാണ് അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ഗുണകരമാകുന്നത്. മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ രണ്ടാംതരം പൗരന്മാരാകുമെന്ന ഭയം കൊണ്ടാണ് വോട്ട് ചെയ്യുന്നതെന്ന് എന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം താഴികക്കുടങ്ങളോട് സാമ്യമുള്ളതിനാല്‍ സെക്രട്ടേറിയറ്റ് പൊളിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ പറയുന്ന സംസ്ഥാനത്ത് നിന്നാണ് ഞാന്‍ വരുന്നത്.

അമിത് ഷാ നാല് ശതമാനം സംവരണം എടുത്തുകളയുമെന്ന് പറയുന്നു. ഈ രണ്ട് സാഹചര്യത്തിലും എവിടെയാണ് മറുവശം എന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് ഇസ്ലാം അല്ല അപകടത്തിലായിരിക്കുന്നത് എന്നും ഭരണഘടനയാണ് എന്നും ഒവൈസി പറഞ്ഞു. രാജ്യത്തിന്റെ സാമൂഹിക ഘടനയും ഭരണഘടനയും ആണ് അപകടത്തിലായിരിക്കുന്നത് എന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മതചിഹ്നത്തിന് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചതിനേയും അദ്ദേഹം ചോദിച്ചു. അദ്ദേഹം ഒരു മതത്തിന്റെ മാത്രം പ്രധാനമന്ത്രിയാണോ എന്ന് ഒവൈസി ചോദിച്ചു. അതുകൊണ്ടാണ് ഇത് ബിജെപിയുടെ വണ്‍വേ പ്രചരണമാണെന്ന് താന്‍ പറയുന്നത് എന്നും ഒവൈസി പറഞ്ഞു. പ്രധാനമന്ത്രി ദി കേരള സ്റ്റോറി സിനിമയുടെ മുഖ്യ പ്രമോട്ടറായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മതവിദ്വേഷം വളര്‍ത്താന്‍ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കരുത്. എന്നാല്‍ ദി കേരള സ്റ്റോറി സിനിമ അതാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രത്യയശാസ്ത്രംമായ ഹിന്ദുത്വം അനുകരിച്ച് ബിജെപിക്കെതിരെ പോരാടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് എന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ തന്നെ കോണ്‍ഗ്രസിന് ബി ജെ പിയെ ജയിക്കാനാകില്ല എന്നും ഒവൈസി പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം രാഹുല്‍ ഗാന്ധിയാണോ മോദിയാണോ വലിയ ഹിന്ദു എന്ന ചോദ്യമായി മാറി എന്നും അദ്ദേഹം പറഞ്ഞു. മോദി ഭരണത്തിന് കീഴില്‍ മാത്രമല്ല കോണ്‍ഗ്രസ് ഭരണകാലത്തും ന്യൂനപക്ഷ സമുദായങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു എന്നും യുഎസില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ട് ഒവൈസി പറഞ്ഞു. ഗുജറാത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് എന്താണ് ചെയ്തത് എന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications