വനിതാ സംവരണ ബില്ല്; ബിജെപിക്ക് കോണ്‍ഗ്രസ് പിന്തുണ, രാഹുല്‍ മോദിക്ക് കത്തയച്ചു
ദില്ലി: വനിതാ സംവരണ ബില്ലിന് കോണ്‍ഗ്രസ് പിന്തുണ. ബില്ലിനെ പിന്തുണയ്ക്കുന്നുവെന്ന് കാണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കത്തിന്റെ പകര്‍പ്പ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
ബില്ലിന് നിരുപാധിക പിന്തുണ നല്‍കുന്നുവെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ ബില്ല് പാസാക്കുന്നതിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് രാഹുല്‍ പറയുന്നു.

വനിതാ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. വനിതാ സംവരണ ബില്ലിന് കോണ്‍ഗ്രസ് നിരുപാധിക പിന്തുണ നല്‍കുകയാണ്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് പാസാക്കാന്‍ ശ്രമിക്കണമെന്ന് രാഹുല് കത്തില്‍ വ്യക്തമാക്കി.
മുത്തലാഖ് ബില്ല് പാസാക്കുന്നതിന് പ്രധാന തടസം കോണ്‍ഗ്രസ് ആണെന്ന് മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു മുസ്ലിം പുരുഷന്മാരുടെ പാര്‍ട്ടിയാണോ കോണ്‍ഗ്രസ് എന്ന് മോദി ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച തുടരവെയാണ് വനിതാ സംവരണ ബില്ലിന് കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
രാഷ്ട്രീയ വിഷയങ്ങള്‍ക്കപ്പുറത്ത് യോജിക്കേണ്ട കാര്യങ്ങളുണ്ടെന്ന് ഉണര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍. ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.












Click it and Unblock the Notifications