മഹാരാഷ്ട്രയില്‍ ചിത്രം തെളിയുന്നു: ആദ്യഘട്ട പട്ടിക പുറത്തിറക്കി കോണ്‍ഗ്രസും, പ്രമുഖരെല്ലാം അങ്കത്തിന്
മുംബൈ: മാഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. സിറ്റിങ് എം എല്‍ എമാർ ഉള്‍പ്പെടെ 48 പേരാണ് വ്യാഴാഴ്ച വൈകീട്ടോടെ പുറത്തിറക്കിയ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. എം വി എയിലെ സഖ്യകക്ഷികളുമായി തർക്കം നിലനില്‍ക്കുന്ന സീറ്റുകള്‍ ഒഴിവാക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
മുതിർന്ന നേതാക്കള്‍ ഉള്‍പ്പെടെ 25 സിറ്റിങ് എം എല്‍ എമാർ പട്ടികയില്‍ ഇടംപിടിച്ചു. എം പി സി സി അധ്യക്ഷന്‍ നാനാ പടോലെ സകോലിയിലും നിയമസഭാ കക്ഷി നേതാവ് ബാലാസാഹേബ് തോറാട്ട് സംഗംനേരിലും മത്സരിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ ബ്രഹ്മപുരിയിലും ജനവിധി തേടും. മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ കാരാട് സൗത്തിലും സി ഡബ്ല്യു സി അംഗവും റീജിയണൽ വർക്കിംഗ് പ്രസിഡൻ്റുമായ നസീം ഖാൻ ചാന്ദിവാലിയിൽ നിന്നും മത്സരിക്കും.

ധാരാവിയിൽ ജ്യോതി ഏകനാഥ് ഗെയ്‌ക്‌വാദ്, ലാത്തൂർ സിറ്റിയിൽ അമിത് ദേശ്മുഖ്, ലാത്തൂർ റൂറലിൽ ധീരജ് ദേശ്മുഖ് എന്നിവരാണ് സ്ഥാനാർത്ഥികള്‍. ശിവസേനയുമായി തർക്കം നിലനില്‍ക്കുന്ന വിദർഭ മേഖലയിലേത് ഉള്‍പ്പെടേയുള്ള സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ കണ്ടുവെച്ചിട്ടുണ്ടെങ്കിലും സമവായ ശ്രമങ്ങള്‍ നീളുന്നതിനാലാണ് ആ സീറ്റിലെ പ്രഖ്യാപനം നീളുന്നത്.
സംസ്ഥാനത്തെ 288 അസംബ്ലി സീറ്റുകളിൽ 125 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. എന്നാല്‍ അത് ഒരു തരത്തിലും ശരിയാകില്ലെന്ന കടുംപിടുത്തതില്‍ ശിവസേനയും എന്‍ സി പി - എസ്പിയും നിലകൊണ്ടു. ഒടുവില്‍ 255 സീറ്റുകളില്‍ മൂന്ന് പാർട്ടികളും 85 വീതം സീറ്റുകളില്‍ മത്സരിക്കാന്‍ തീരൂമാനമായതായി നേതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചു.
255 ന് പുറത്തുള്ള 35 സീറ്റുകളില്‍ 18 സീറ്റുകള്‍ സഖ്യത്തിലെ മറ്റ് കക്ഷികള്‍ക്ക് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. സമാജ്‌വാദി പാർട്ടി, പി ഡബ്ല്യു പി, സി പി ഐ എം, സി പി ഐ, എ എ പി തുടങ്ങിയവരാണ് സഖ്യത്തിലെ മറ്റ് കക്ഷികള്‍. 15 സീറ്റുകളുടെ കാര്യത്തില്‍ പ്രധാന കക്ഷികള്‍ക്കിടയില്‍ ഇപ്പോഴും തീരൂമാനമായിട്ടില്ല.
അതേസമയം. എന്‍ സി പി - എസ്പിയും തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക വ്യാഴാഴ്ച പുറത്തുവിട്ടു. 45 പേരാണ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. വാശിയേറിയ പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ബാരാമതിയില്‍ അജിത് പവാറിനെ നേരിടാന്‍ യുഗേന്ദ്ര പവാറിനെയാണ് എന്‍ സി പി (എസ്പി) നിയോഗിച്ചിരിക്കുന്നത്. അജിത് പവാറിൻ്റെ ഇളയ സഹോദരൻ ശ്രീനിവാസിൻ്റെ മകനാണ് യുഗേന്ദ്ര പവാർ.












Click it and Unblock the Notifications