'45ാം വയസ്സില്‍ തന്നെ പ്രധാനമന്ത്രിയാകാനുളള പോക്കാണോ'? സച്ചിൻ പൈലറ്റിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ്
ദില്ലി: കോണ്‍ഗ്രസിനുളളില്‍ വിമത നീക്കം നടത്തുന്ന സച്ചിന്‍ പൈലറ്റിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ. പ്രധാനമന്ത്രിയാകാനുളള തിരക്കാണോ സച്ചിന്‍ പൈലറ്റിന് എന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം. എന്തുകൊണ്ടാണ് മുന്‍ ഉപമുഖ്യമന്ത്രിക്ക് ഇത്രയും തിരക്ക്, ബിജെപിയില്‍ ചേര്‍ന്ന് തന്റെ 45ാം വയസ്സില്‍ തന്നെ പ്രധാനമന്ത്രിയാകാനുളള ഒരുക്കത്തിലാണോ സച്ചിന്‍ പൈലറ്റ് എന്നാണ് മാര്‍ഗരറ്റ് ആല്‍വയുടെ പരിഹാസം.
സച്ചിന്‍ പൈലറ്റ് ഈ സമയത്ത് നടത്തുന്ന വിമത നീക്കത്തിന് എതിരെ മുന്‍ കേന്ദ്ര മന്ത്രി കൂടിയായ മാര്‍ഗരറ്റ് ആല്‍വ തുറന്നടിച്ചു. ''രാജ്യം കൊവിഡ് മഹാമാരിക്ക് എതിരെയും അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയ്ക്ക് എതിരെയും പോരാടുകയാണ്. അപ്പോഴാണ് സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകാനുളള അവസരം നോക്കുന്നത്'' എന്ന് മാര്‍ഗരറ്റ് ആല്‍വ കുറ്റപ്പെടുത്തി.

Recommended Video
''കോണ്‍ഗ്രസ് രാജസ്ഥാനില്‍ ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുകയും സച്ചിന്‍ പൈലറ്റ് ഗെഹ്ലോട്ടിന്റെ ഉപമുഖ്യമന്ത്രിയായി നിയോഗിക്കപ്പെടുകയും ചെയ്തു. നാല് പ്രധാനപ്പെട്ട വകുപ്പുകള്‍ ആണ് സച്ചിന്‍ പൈലറ്റിന് നല്‍കിയത്. അതും പോരാതെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ പദവിയും പൈലറ്റിന് നല്‍കി''യെന്നും മാര്‍ഗരറ്റ് ആല്‍വ ചൂണ്ടിക്കാട്ടി.
''തന്റെ ഇരുപത്തിയാറാമത്തെ വയസ്സിലാണ് സച്ചിന്‍ പൈലറ്റ് കേന്ദ്ര മന്ത്രിയായതും പിന്നീട് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനായതും. അതിന് ശേഷം ഉപമുഖ്യമന്ത്രി പദവിയിലുമെത്തി. ഇത്രയും വേഗത്തില്‍ പോയി എവിടെ എത്താനാണ് സച്ചിന്‍ പൈലറ്റ് ആഗ്രഹിക്കുന്നത്? 43ാം വയസ്സില്‍ മുഖ്യമന്ത്രിയും 45ാം വയസ്സില്‍ പ്രധാനമന്ത്രിയും ആകാനുളള പോക്കാണോ'' എന്നാണ് മാര്‍ഗരറ്റ് ആല്‍വയുടെ പരിഹാസം. രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കൂടിയാണ് മാര്‍ഗരറ്റ് ആല്‍വ.












Click it and Unblock the Notifications