മോദിക്ക് പുതിയ വീടും ഓഫീസുമുണ്ടാക്കാൻ ജനം 20,000 കോടി മുടക്കണോ! ആഞ്ഞടിച്ച് കോൺഗ്രസ്
ദില്ലി: കൊവിഡ് ലോക്ക്ഡൗണ്‍ രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തളളി വിട്ടിരിക്കുകയാണ്. ഖജനാവില്‍ പണം നിറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയിലുളള വര്‍ധനവ് മരവിപ്പിക്കുക അടക്കമുളള തീരുമാനത്തിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ കടന്നിരിക്കുന്നത്.
അതേസമയം മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സെന്‍ട്രല്‍ വിസ്ത പുനര്‍വികസനം നിര്‍ത്തിവെക്കാന്‍ കേന്ദ്രം തയ്യാറാകാത്തതിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ശക്തമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി കൂടി ഉള്‍പ്പെടുന്നതാണ് പുതിയ പാര്‍ലമെന്റ് സമുച്ചയം.

20,000 കോടി പദ്ധതി
കോണ്‍ഗ്രസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കേന്ദ്രത്തിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിക്കുന്നു. 20,000 കോടി രൂപ ചിലവ് വരുമെന്ന് കരുതുന്ന പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത മോദി സര്‍ക്കാര്‍ 1.1 കോടിയോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് വീഡിയോയില്‍ കുറ്റപ്പെടുത്തുന്നു.

മോദിയോട് ചോദ്യങ്ങൾ
നരേന്ദ്ര മോദിക്ക് മുന്നില്‍ ചില ചോദ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. 20,000 കോടി രൂപ ചിലവ് വരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിര്‍ത്തിവെക്കാന്‍ തയ്യാറാകാത്തത്? സര്‍ക്കാര്‍ എന്തുകൊണ്ടാണ് സ്വന്തം ചെലവ് ചുരുക്കാന്‍ തയ്യാറാകാത്തത് എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

പിഎം കെയേഴ്സിലെ പണം
അത് വഴി 2 മുതല്‍ 2.5 ലക്ഷം കോടി വരെ സര്‍ക്കാരിന് ലാഭിക്കാവുന്നതാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ച കൊണ്ട് മാത്രം പിഎം കെയേര്‍സിലേക്ക് 6500 കോടി രൂപയാണ് എത്തിയിട്ടുളളത്. ഈ പണമത്രയും സര്‍ക്കാര്‍ എവിടെയാണ് ചിലവാക്കിയിട്ടുളളത് എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. പിഎംഎന്‍ആര്‍എഫിനെക്കുറിച്ചും കോണ്‍ഗ്രസ് സംശയം ഉന്നയിക്കുന്നു.

ഇന്ധന വില കുറയ്ക്കാത്തത് എന്തേ
പ്രൈം മിനിസ്റ്റേഴ്‌സ് റിലീഫ് ഫണ്ട് എന്ന നേരത്തെയുളള സര്‍ക്കാര്‍ ഫണ്ടിലെ 3800 കോടിക്കടുത്തുളള പണം ഉപയോഗിച്ച് സര്‍ക്കാര്‍ എന്താണ് ചെയ്തിട്ടുളളത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാത്തത് എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. എന്തുകൊണ്ടാണ് മോദിയുടെ പുതിയ വീടിന്റെ നിര്‍മ്മാണത്തിന് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തേക്കാള്‍ വിലയുളളത് എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

ജനം പണം മുടക്കണോ?
സ്വന്തമായി വരുമാനം ഇല്ലാത്ത രാജ്യത്തെ നികുതി അടക്കുന്ന ആളുകള്‍ എന്തിനാണ് മോദിക്ക് പുതിയ വീടും അദ്ദേഹത്തിനും മന്ത്രിസഭയ്ക്കും പുതിയ ഓഫീസും നിര്‍മ്മിക്കാന്‍ 20,000 കോടി ചിലവാക്കുന്നത് എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. പ്രധാനമന്ത്രിക്ക് ഓഫീസും വീടും അടക്കമുളളതാണ് പുതിയ പാര്‍ലമെന്റ് സമുച്ചയം.












Click it and Unblock the Notifications