ഭയമുള്ളവർക്ക് കോൺഗ്രസ് വിടാം..പാർട്ടിയിൽ വേണ്ടത് ഇവർ.. രാഹുലിന്‍റെ പുതിയ നിർദ്ദേശം ഇങ്ങനെ
ദില്ലി; വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരായ പോര് കനപ്പിച്ചിരിക്കുകയാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി. ചൈനീസ് വിഷയത്തിൽ കഴിഞ്ഞ ദിവസം എൻഡിഎ സർക്കാരിനെതിരെ രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബിജെപിയ്ക്കെതിരെ സധൈര്യം പോരാടാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തിരിക്കുകയാണ് രാഹുൽ. ബിജെപിയെ ഭയക്കുന്നവർക്ക് കോൺഗ്രസ് വിട്ട് പോകാമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകുന്നു. കോൺഗ്രസ് സമൂഹ മാധ്യമ വിഭാഗത്തിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു രാഹുൽ നിലപാട് കടുപ്പിച്ചത്.

3500 ഓളം വരുന്ന സോഷ്യൽ മീഡിയ വിഭാഗത്തിലെ പ്രവർത്തകരുമായാണ് കോൺഗ്രസ് സംവദിച്ചത്. ഇതാദ്യമായാണ് ഇത്തരത്തിൽ പ്രവർത്തകരുമായി രാഹുൽ സംവദിക്കുന്നത്. നിങ്ങൾ യാതൊരു കാരണവശാലും ഭയക്കേണ്ടതില്ലെന്ന് രാഹുൽ യോഗത്തിൽ പറഞ്ഞു. നിങ്ങൾ എന്തിനേയെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഒരിക്കലും കോൺഗ്രസുകാർ അല്ലെന്നും രാഹുൽ പ്രതികരിച്ചു.

ഭയപ്പെടാത്ത നിരവധി ആളുകൾ ഉണ്ട്. എന്നാൽ അവർ കോണ‍്ഗ്രസിന് പുറത്താണുള്ളത്. അവരെ പാർട്ടിയിലേക്ക് കൊണ്ടുവരണം. ഭയപ്പെടുന്നവരേയെല്ലാം ഒഴിവാക്കണം. കാരണം അത്തരക്കാരെല്ലാം ആർഎസ്എസുകാരാണ്. നിർഭയരായ ആളുകളെയാണ് നമ്മുക്ക് വേണ്ടത്. അതാണ് നമ്മുടെ പ്രത്യയശാസ്ത്രം രാഹുൽ യോഗത്തിൽ വ്യക്തമാക്കി.

ഒരുപക്ഷേ നിങ്ങളെ ഭയപ്പെടുത്താനുള്ള പലവിധത്തിലുള്ള ശ്രമങ്ങൾ ഉണ്ടായേക്കും. എന്നാൽ അതിന് കീഴ്പ്പെടരുത്. ആർഎസ്എസ് ആശയത്തിൽ വിശ്വസിക്കുന്നവരേയെല്ല കോൺഗ്രസിന് വേണ്ടതെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയേയും രാഹുൽ കുറ്റപ്പെടുത്തി. പണവും പദവിയും നഷ്ടമാകുമെന്ന ഭയത്തിലാണ് സിന്ധ്യ ബിജെപിയിൽ ചേർന്നതെന്ന് രാഹുൽ പറഅഞഞു.

സിന്ധ്യയെ ഭീഷണിപ്പെടുത്തി. അപ്പോൾ അദ്ദേഹം ഭയപ്പെട്ടു. അദ്ദേഹം കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നുവെന്നും രാഹുൽ പറഞ്ഞു. വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശക്തി വർധിപ്പി്കണമെന്നും യോഗത്തിൽ രാഹുൽ വ്യക്തമാക്കിയതായി കോൺഗ്രസ് സോഷ്യൽ മീഡിയ തലവൻ രോഹൻ ഗുപ്ത പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെയുള്ള വിമർശനങ്ങൾ സർക്കാരിനെ ഭയപ്പെടുത്തുന്നുണ്ട്. അതിനാലാണ് കേന്ദ്രസർക്കാർ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതെന്നും രാഹുൽ പറഞ്ഞതായി രോഹൻ ഗുപ്ത വെളിപ്പെടുത്തി. തന്നോട് സംസാരിക്കാൻ പ്രവർത്തകർ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു.
Recommended Video

കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, നടി ഖുഷ്ബു സുന്ദർ, നാരായണ റാണെ, രാധാകൃഷ്ണ വിഖെ പാട്ടീൽ തുടങ്ങിയ നേതാക്കളാണ് ഇവരിലെ പ്രമുഖർ. സിന്ധ്യ, നാരണയണ എന്നിവരെ കേന്ദ്ര മന്ത്രി സഭയിൽ ബിജെപി ഉൾപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications