ഹരിയാനയിൽ കോൺഗ്രസ് പോയത് ജാട്ടുകൾക്ക് പുറകെ; മിഷൻ 35 പയറ്റി ഭരണം പിടിച്ച് ബിജെപി
ചണ്ഡീഗഡ്: ഹരിയാനയിലെ അപ്രതീക്ഷിത തിരച്ചടിയുടെ ഞെട്ടലിലാണ് കോൺഗ്രസ്. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം കാറ്റിൽപറത്തി കൂറ്റൻ വിജയത്തിലേക്ക് അടുക്കുകയാണ് സംസ്ഥാനത്ത് ബി ജെ പി. കേവല ഭൂരിപക്ഷ സംഖ്യ മറികടന്ന് ഭരണം ലഭിച്ചുവെന്ന് ഉറപ്പിച്ച് കോൺഗ്രസ് ക്യാമ്പിൽ ആഘോഷം പൊടിപൊടിക്കുന്നതിനിടെയായിരുന്നു പാർട്ടിയെ ഞെട്ടിച്ച് കൊണ്ട് ബി ജെ പി തങ്ങളുടെ ലീഡ് തിരിച്ചുപിടിച്ചത്. നിലവിൽ 49 സീറ്റുകളിലാണ് പാർട്ടി മുന്നേറുന്നത്. കോൺഗ്രസ് ആകട്ടെ 35 സീറ്റിലും. അതായത് 2019 നെ അപേക്ഷിച്ച് വെറും നാല് സീറ്റ് അധികം. സർക്കാർ രൂപീകരണ നീക്കത്തിലേക്ക് ബി ജെ പി കടന്ന് കഴിഞ്ഞു.
സംസ്ഥാനത്ത് ബി ജെ പിക്ക് എതിരെ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു. കർഷക വിഷയങ്ങൾ, അഗ്നിവീർ, ഗുസ്തി താരങ്ങളുടെ സമരം ഇതെല്ലാം ബി ജെ പിക്ക് തിരിച്ചടിയാകുമെന്നായിരുന്നു കോൺഗ്രസ് വിലയിരുത്തിയത്. മാത്രമല്ല ജാട്ട് വോട്ടുകളും ദളിത് മുസ്ലീം വോട്ടുകളിലും കോൺഗ്രസ് പ്രതീക്ഷ പുലർത്തി. എന്നാൽ ഈ ജാതി സമവാക്യങ്ങൾ തന്നെയാണ് കോൺഗ്രസിന് തിരിച്ചടിയായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കോൺഗ്രസ് ജാട്ട് വോട്ടുകളിൽ ഊന്നി പ്രവർത്തിച്ചപ്പോൾ ജാട്ട് ഇതര വോട്ടുകൾ പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളാണ് ബി ജെ പി നടത്തിയത്. സംസ്ഥാനത്തെ ജാട്ട് ഇതര വിഭാഗങ്ങളായ 35 ഓളം പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ ബി ജെ പി ശ്രമം നടത്തി. ബ്രഹ്മണർ, ബനിയകൾ, ഗുർജാറുകൾ, രാജ്പുത്, പഞ്ചാബികൾ, സുനാറകൾ, സൈനികൾ, റോറുകൾ, കുംഹാറുകൾ, അഹിറുകൾ തുടങ്ങിയ സമുദായങ്ങളുടെ വോട്ടുകളിലാണ് ബി ജെ പി ശ്രദ്ധപതിപ്പിച്ചത്. ഫലം വന്നപ്പോൾ ബി ജെ പിയുടെ തന്ത്രം വിജയിച്ചെന്ന് വേണം വിലയിരുത്താൻ. കഴിക്കൻ ഹരിയാവനയിലേയും തെക്കൻ ഹരിയാനയിലും തങ്ങളുടെ ശക്തി കേന്ദ്രങ്ങൾ ബി ജെ പി നിലനിർത്തി. ജാട്ട് വിഭാഗത്തിന് കൂടുതൽ സ്വാധീനമുള്ള പടിഞ്ഞാറൻ ഹരിയാനയിലും ഞെട്ടിക്കുന്ന പ്രകടനമാണ് ബി ജെ പി കാഴ്ചവെച്ചത്. ഇവിടെ ജാട്ട് ഇതര വോട്ടുകൾ ബി ജെ പിയിലേക്ക് ഒഴുകിയെന്നാണ് ഫലം വ്യക്തമാക്കുന്നത്.
കോൺഗ്രസിന് അധികാരം ലഭിച്ചാൽ മുൻ മുഖ്യമന്ത്രിയും ജാട്ട് നേതാവുമായ ഭൂപേന്ദർ സിംഗ് ഹൂഡ മുഖ്യമന്ത്രിയാകുമെന്ന ചർച്ചകളും മറ്റ് സമുദായങ്ങളുടെ വോട്ടുകൾ ബി ജെ പിയിലേക്ക് എത്താൻ കാരണമായെന്ന് വിലയിരുത്തപ്പെടുന്നത്. ഹൂഡയുടെ ഭരണത്തിന് കീഴിൽ ജാട്ടുകളുടെ ഗുണ്ടായിസമാണ് സംസ്ഥാനത്ത് അരങ്ങേറിയിരുന്നതെന്നാണ് മറ്റ് സമുദായാംഗങ്ങൾ പ്രതികരിച്ചത്. അതുകൊണ്ട് തന്നെ ഹൂഡ മടങ്ങിയെത്തുന്നതോടെ ജാട്ട് വിഭാഗം കൂടുതൽ ശക്തരാകുമെന്ന ആശങ്കയും ബിജെപിയെ പിന്തുണയ്ക്കാൻ മറ്റ് വിഭാഗങ്ങളെ പ്രേരിപ്പിച്ചു.
മനോഹർ ലാൽ ഖട്ടറിനെ മാറ്റി . ദളിത് വിഭാഗത്തിൽ നിന്നുള്ള നായബ് സംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയതോടെ ദളിത് വോട്ടുകൾ ബി ജെ പി ഉറപ്പിച്ചിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാവായ കുമാരി സെൽജയ്ക്കെതിരായ ജാതി അധിക്ഷേപങ്ങളും ദളിത് വോട്ടുകൾ കോൺഗ്രസിനെതിരെ തിരിയാൻ കാരണമായി. മുൻപ് ജാട്ട് വിഭാഗം ദളിത് വിഭാഗങ്ങൾക്കെതിരെ നടത്തിയ അതിക്രമണങ്ങളും തിരഞ്ഞെടുപ്പിൽ ബി ജെ പി ചർച്ചയാക്കി.
കോൺഗ്രസിലെ ഉൾപാർട്ടി തർക്കങ്ങളും ഒരുപരിധി കോൺഗ്രസിന് വിനയായെന്ന് വിലയിരുത്തലുകൾ ഉണ്ട്. കുമാരി സെൽജയും ഭൂപീന്ദർ സിംഗ് ഹൂഡ പക്ഷവും തമ്മിൽ അധികാര വടംവലി ശക്തമായിരുന്നു. ഈ തർക്കത്തിനിടയിൽ സീറ്റ് നഷ്ടപ്പെട്ടവരിൽ പലരും പാർട്ടി വിട്ട് സ്വതന്ത്രരായി മത്സരിക്കുകയും ചെയ്തു. ഇവരെല്ലാം തന്നെ വിജയം സ്വന്തമാക്കി. ദുർബലരെ ഈ മണ്ഡലങ്ങളിൽ മത്സരിപ്പിച്ച് കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാൻ ബിജെപി നടത്തിയ ശ്രമങ്ങളും സംസ്ഥാനത്ത് വിജയം കണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications