ആരാണ് പ്രധാനമന്ത്രി; കോണ്‍ഗ്രസില്‍ തര്‍ക്കം
ദില്ലി: മന്‍മോഹന്‍ സിംഗിനെ മാറ്റി രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയാക്കുന്നു എന്ന ടെലഗ്രാഫ് റിപ്പോര്‍ട്ടിന് പിന്നാലെ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു. വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചെങ്കിലും അടുത്ത തിരഞ്ഞെടുപ്പിനുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ എപ്പോള്‍ പ്രഖ്യാപിക്കണം എന്നത് സംബന്ധിച്ചാണ് കോണ്‍ഗ്രസിലെ പുതിയ തര്‍ക്കം.
മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരുമായ പി ചിദംബരവും മനീഷ് തിവാരിയുമാണ് കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി തര്‍ക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിനുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ഇപ്പോള്‍ത്തന്നെ പ്രഖ്യാപിക്കണം എന്ന് പറഞ്ഞ് ധനകാര്യമന്ത്രി പി ചിദംബരമാണ് തര്‍ക്കത്തിന് തുടങ്ങിവെച്ചത്. ആരാണ് തങ്ങളുടെ നേതാവ് എന്ന് ജനങ്ങളും പ്രവര്‍ത്തകരും ചോദിക്കുകയാണ് എന്നും ചിദംബരം ചൂണ്ടിക്കാട്ടി.

എന്നാല്‍ കോണ്‍ഗ്രസ് ക്യത്യമായ സമയത്ത് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും എന്നും അക്കാര്യത്തില്‍ ആരും തിരക്കുകൂട്ടണ്ട എന്നും മനീഷ് തിവാരി ഇതിന് മറുപടിയായി പറഞ്ഞു. സമയമാകുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് തീരുമാനം പ്രഖ്യാപിക്കും. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കില്ലെന്നും ഇതെല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും തിവാരി കുറ്റപ്പെടുത്തി.
തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്രമോഡിയെ പ്രഖ്യാപിച്ച് ബി ജെ പി ആദ്യമേ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. മോഡിയുടെ കീഴില്‍ നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി മികച്ച വിജയം കൂടി നേടിയതോടെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നു. ഇതോടെയാണ് മന്‍മോഹന്‍ സിംഗിനെ മാറ്റി നിര്‍ത്തി രാഹുല്‍ ഗാന്ധി നേതൃനിരയിലേക്ക് വരാനുള്ള സാധ്യതകള്‍ തെളിഞ്ഞത്.












Click it and Unblock the Notifications