സിന്ധ്യയ്ക്കെതിരെ സച്ചിൻ പൈലറ്റിനെ ഇറക്കാൻ കോൺഗ്രസ്; മധ്യപ്രദേശിൽ പുതിയ കളികളുമായി പാർട്ടി
ഭോപ്പാൽ; ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹത്തിന്റെ പക്ഷത്തുള്ള 22 എംഎൽഎമാരേയും രാജിവെപ്പിച്ച് കൊണ്ടാണ് മധ്യപ്രദേശിൽ ബിജെപി അധികാരത്തിലേറിയത്. ഭരണക്കസേര ഉറപ്പാക്കണമെങ്കിൽ പക്ഷേ വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കണം. കുറഞ്ഞത് 9 സീറ്റുകളെങ്കിലും നേടിയാൽ മാത്രമേ അധികാരത്തിൽ തുടരാൻ കഴിയൂ. മറുവശത്ത് കോൺഗ്രസിനാകട്ടെ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാനുള്ള അവസരമാണ് ഉപതിരഞ്ഞെടുപ്പിലൂടെ കൈവന്നിരിക്കുന്നത്.
കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി അധികാരം പിടിക്കുന്ന ബിജെപി തന്ത്രങ്ങൾക്ക് രാജസ്ഥാനിൽ ചുട്ട മറുപടി നൽകിയ പിന്നാലെ തങ്ങളെ പിന്നിൽ നിന്ന് കുത്തി ഭരണം പിടിച്ച സിന്ധ്യയ്ക്കും ബിജെപിക്കും മധ്യപ്രദേശിൽ മറുപടി നൽകാൻ കോൺഗ്രസിന് സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സിന്ധ്യയുടെ ഉറ്റ സുഹൃത്തുകൂടിയായിരുന്ന സച്ചിൻ പൈലറ്റിനെ മധ്യപ്രദേശിൽ അവതരിപ്പിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

ബിജെപിക്കൊപ്പം സിന്ധ്യ
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ജ്യോതിരാദിത്യയുടെ കൂടി ശക്തിയിലായിരുന്നു കോൺഗ്രസ് മധ്യപ്രദേശിൽ വിജയിച്ചത്. സിന്ധ്യയുടെ ശക്തി കേന്ദ്രമായ ചമ്പൽ -ഗ്വാളിയാർ മേഖലയിൽ നിന്ന് 16 സീറ്റോളം കോൺഗ്രസിന് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ സിന്ധ്യയില്ല, എന്ന് മാത്രമല്ല സിന്ധ്യ ശത്രുപക്ഷമായ ബിജെപിക്ക് ഒപ്പമാണ്.

കരുത്തനായി സിന്ധ്യ
ബിജെപിയിലെത്തിയ സിന്ധ്യയ്ക്ക് പാർട്ടിയിൽ വലിയ പരിഗണന കിട്ടില്ലെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ സിന്ധ്യ പക്ഷത്തെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു ബിജെപിയുടെ ഇടപെടൽ. കൂറുമാറിയെത്തിയ 14 പേർക്കാണ് മന്ത്രിസ്ഥാനം നൽകിയത്. സിന്ധ്യയ്ക്ക് രാജ്യസഭ സീറ്റും. ഉപതിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് കൊണ്ടായിരുന്നു ഇത്.
ബിജെപിയിൽ എത്തിയ സിന്ധ്യ കൂടുതൽ കരുത്തനായെന്ന വിലയിരുത്തലുകൾ ഉണ്ട്.

പുതിയ തന്ത്രം
അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിന്ധ്യയുടേയം കൂട്ടരുടേയും പരാജയം ഉറപ്പാക്കണമെങ്കിൽ സാധാരണ തന്ത്രങ്ങൾ മാത്രം പയറ്റിയാൽ മതിയാവില്ലെന്ന് കോൺഗ്രസിന് അറിയാം. ഈ സാഹചര്യത്തിലാണ് സിന്ധ്യയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന സച്ചിൻ പൈലറ്റിനെ തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.

മുൻ പദവികൾ ലഭിച്ചില്ല
രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരെ വിമതര സ്വരം ഉയർത്തിയ സച്ചിൻ പൈലറ്റിനെ മെരുക്കി കോൺഗ്രസ് ക്യാമ്പിലേക്ക് തിരിച്ചെത്തിച്ചെങ്കിലും തന്റെ മുൻ പദവികളൊന്നും സച്ചിന് ഇതുവരെ ലഭിച്ചിട്ടില്ല. വിമത നീക്കത്തിന് പിന്നാലെ അദ്ദേഹത്തെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാർട്ടി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും പുറത്താക്കിയിരുന്നു.

സച്ചിനുള്ള സന്ദേശം
ബിജെപിയുമായി ചേർന്ന് കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ സച്ചിൻ ശ്രമിച്ചെന്നായിരുന്നു അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണം. മടങ്ങിയെത്തിയ സച്ചിനുള്ള സന്ദേശമെന്ന നിലയിൽ കൂടിയാണ് സിന്ധ്യയ്ക്കും ബിജെപിക്കുമെതിരെ പ്രചരണം നടത്താൻ നിയോഗിച്ചതിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

സിന്ധ്യയ്ക്കുള്ള മറുപടി
ഗെഹ്ലോട്ടിനെതിരെ വിമത സ്വരം ഉയർത്തി കോൺഗ്രസ് ക്യാമ്പ് വിട്ടതോടെ സർക്കാരിനെ താഴെയിറക്കണമെന്ന് സച്ചിനോട് നിർദ്ദേശിച്ച നേതാവ് കൂടിയായിരുന്നു സിന്ധ്യ.കൂടുതൽ എംഎൽമാരെ മറുകണ്ടം ചാടിച്ച് മധ്യപ്രദേശിന് സമാനമായി കോൺഗ്രസിനെ താഴെയിറക്കണമെന്നായിരുന്നു സിന്ധ്യ ആവശ്യപ്പെട്ടത്. അതുകൊണ്ട് കൂടിയാണ് സച്ചിനെ തന്നെ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറക്കി സിന്ധ്യയ്ക്ക് മറുപടി നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നത്.

രാജസ്ഥനോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങൾ
ഉപതിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കമൽനാഥ് തന്നോട് ആവശ്യപെട്ടുവെന്ന് സച്ചിൻ പ്രതികരിച്ചു. ഞാൻ തീർച്ചയായും അത് ചെയ്യും. വിശ്വസ്തനായ ഒരു കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ, എനിക്ക് കഴിയുന്നിടത്തെല്ലാം പ്രവർത്തിക്കാൻ ഞാൻ ബാധ്യസ്ഥനാണ്, സച്ചിൻ പൈലറ്റ് പറഞ്ഞു.

ഗുജ്ജർ വോട്ടുകൾ
രാജസ്ഥാനുമായി ചേർന്ന് കിടക്കുന്ന മധ്യപ്രദേശിലെ പല പ്രദേശങ്ങളും തനിക്ക് സുപരിചിതമാണെന്നും സച്ചിൻ വ്യക്തമാക്കി.
സച്ചിനിലൂടെ മധ്യപ്രദേശിലെ ഗുജ്ജർ വോട്ടുകളും കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ട്. മാത്രമല്ല പൊടിപാറുന്ന പ്രചരണങ്ങൾ നയിക്കാൻ ശേഷിയുള്ള നേതാവ് കൂടിയാണ് സച്ചിൻ പൈലറ്റെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു.

2015 ലെ പ്രചരണം
2015 ൽ പൈലറ്റ് ശക്തമായി പ്രചാരണം നടത്തിയ മാൽവ-നിമാർ മേഖലയിലെ രത്നാം മണ്ഡലത്തിൽ കോൺഗ്രസ് വിജയിച്ചിരുന്നു. വിജയത്തിനുശേഷം കോൺഗ്രസ് എംപി കാന്റിലാൽ ഭൂരിയ പൈലറ്റിന് നന്ദി അറിയിപ്പ് അയച്ച് പ്രതികരിച്ചത് വാർത്തയായിരുന്നു.

സച്ചിന് ഗുണകരമാകും
സച്ചിന്റെ പ്രചരണത്തിലൂടെ സംസ്ഥാനത്ത് കോൺഗ്രസിന് മുന്നേറാൻ സാധിച്ചാൽ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സാധ്യതകൾ ഉയർത്തുമെന്ന വിലയിരുത്തലുകൾ ഉണ്ട.് പ്രത്യേകിച്ച് രാഹുൽ ഗാന്ധി, പ്രിയങ്ക, സോണിയ എന്നിവർ ഇക്കുറി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉണ്ടാകാത്ത സാഹചര്യത്തിൽ.

കോൺഗ്രസിന് പ്രതീക്ഷ
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിയമസഭാ സീറ്റുകളിൽ 16 എണ്ണം ഗ്വാളിയർ-ചമ്പൽ മേഖലയിലാണ്. മാൽവ-നിമാർ മേഖലയിൽ ഏഴ് സീറ്റുകളും സിന്ധ്യയുടെ സ്വാധീന മേഖലകളാണ് ഈ പ്രദേശങ്ങൾ. അതേസമയം സിന്ധ്യയുടെ വരവോട് ബിജെപിയിൽ ഉയർന്ന ഭിന്നതകൾ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്.
'ഉമ്മൻചാണ്ടിക്ക് ഉത്തരം നൽകാനാവാത്ത ഒരു ചോദ്യമുണ്ട്..ശിവാനിയുടെ വിളിയിൽ അലിഞ്ഞ മനസ്';പികെ ഫിറോസ്
'ന്യായീകരണ ക്യാപ്സൂളുകൾ തയ്യാറാണ്, നാറ്റമില്ലാത്തത് നാറ്റത്തിനു മാത്രം';കെടി ജലീലിനെ ട്രോളി ജയശങ്കർ
നികുതിദായകർക്ക് പ്രത്യേകാവകാശങ്ങൾ;നിർമല സീതാരാമൻ ഇന്ന് ലോക്സഭയിൽ ബിൽ അവതരിപ്പിക്കും