കർണാടകയില്‍ 130 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തും: വന്‍ ആത്മവിശ്വാസത്തില്‍ ഡികെ ശിവകുമാർ
ന്യൂഡൽഹി: കർണാടകയിലെ പാർട്ടി നേതൃത്വത്തില്‍ വിള്ളലുകളുണ്ടെന്ന വാർത്തകള്‍ നിഷേധിച്ച് പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാർ. കർണാടക കോൺഗ്രസ് ഒരു "ഐക്യ വീടാണ്" അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ "കൂട്ടായ നേതൃത്വത്തിന്" കീഴിൽ പാർട്ടി ഒറ്റയ്ക്ക് നേരിടുമെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി. ആരാണ് മുഖ്യമന്ത്രിയാകുന്നത് എന്നതിനെക്കുറിച്ച് തനിക്ക് ഒരു ആശങ്കയുമില്ലെന്നും സംസ്ഥാനത്തിന്റെ പുരോഗതിക്കായി തെരഞ്ഞെടുപ്പിൽ കർണാടകയെ കോൺഗ്രസിന് ഏൽപ്പിക്കുക എന്നതാണ് തന്റെ ചുമതലയെന്നും ശിവകുമാർ വ്യക്തമാക്കി.
അടുത്ത വർഷം ഏപ്രിൽ - മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ശിവകുമാറും കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കെ പി സി സി അധ്യക്ഷന്റെ പ്രതികരണം.

തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ശേഷം പാർട്ടിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം എൽ എമാരും ഹൈക്കമാൻഡും ചേർന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് സിദ്ധരാമയ്യയും ശിവകുമാറും പറയുന്നുണ്ടെങ്കിലും, അവരുടെ വിശ്വസ്തരും അനുയായികളും അതാത് നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി വലിയ രീതിയിലുള്ള പ്രചരണമാണ് നടത്തുന്നത്.
പാർട്ടി സംസ്ഥാനത്ത് അടുത്ത സർക്കാർ രൂപീകരിക്കുമെന്നും 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടുമെന്നുമാണ് ശിവകുമാർ അവകാശപ്പെടുന്നത്. കർണാടകയിൽ പാർട്ടി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് എന്തെങ്കിലും ഉറപ്പ് പാർട്ടി ഹൈക്കമാൻഡിൽ നിന്ന് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, ആരാണ് മുഖ്യമന്ത്രിയാകുന്നത് എന്നതിനെച്ചൊല്ലി ഇപ്പോള്‍ ചർച്ചയില്ല, കർണാടകയെ കോണ്‍ഗ്രസിന്റെ കൈകളില്‍ ഏൽപ്പിക്കണമെന്ന ചുമതല തനിക്കുണ്ടെന്നുമായിരുന്നു ശിവകുമാറിന്റെ മറുപടി. സംസ്ഥാനത്തിന്റെ പുരോഗതിക്കും നല്ല ഭരണം നൽകുന്നതിനും കോൺഗ്രസ് പാർട്ടി തന്നെ അധികാരത്തിലെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥി പാർട്ടിയുടെ സാധ്യതകളെ സഹായിക്കുമോ എന്ന ചോദ്യത്തിന്, "കൂട്ടായ നേതൃത്വത്തോടെ" കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. "അതാണ് കോൺഗ്രസ് പാർട്ടിയുടെ തീരുമാനം, അതാണ് എനിക്ക് നൽകിയ മാർഗ്ഗനിർദ്ദേശം. സ്നേഹത്തോടും ആത്മാർത്ഥതയോടും കൂടി, ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ ഉറപ്പാക്കും, ഞങ്ങളെല്ലാവരും ഒരുമിച്ചായിരിക്കും, ഞങ്ങൾക്ക് കൂട്ടായ നേതൃത്വം ഉണ്ടായിരിക്കും " അദ്ദേഹം പറഞ്ഞു. .












Click it and Unblock the Notifications