കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ജനുവരിയില്‍
ദില്ലി:ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസ് ജനുവരിയില്‍ തന്നെ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കനത്ത തോല്‍വി നേരിട്ട സാഹചര്യത്തില്‍ ലോക്‌സഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് പദ്ധതി. പാര്‍ട്ടിക്ക് ശക്തിയുള്ള മണ്ഡലങ്ങളിലായിരിക്കും ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക എന്ന് അറിയുന്നു.
2014 മെയ്മാസത്തില്‍ ആയിരിക്കും ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുക. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ദുര്‍ബലമാണെന്ന് തിരിച്ചറിവ് പാര്‍ട്ടി നേതൃത്വത്തിനുണ്ട്. അത്‌കൊണ്ട് തന്നെ സംഘടാപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിക്കൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ ദിവസം വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവച്ചത്.

രാഹുല്‍ ഗാന്ധി തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അവസാന വാക്ക് എന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ 150 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയായിരിക്കും പ്രഖ്യാപിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം കിട്ടിയമണ്ഡലങ്ങള്‍ തിരഞ്ഞെടുത്ത് അവിടത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. അടുത്ത ഘട്ടത്തില്‍ താരതമ്യേന ചെറിയ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കും.
തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പെങ്കിലും സുസജ്ജമായി പ്രചരണത്തിനിറങ്ങാനാണ് പദ്ധതി. ബിജെപി ഇപ്പോള്‍ തന്നെ അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി തന്നെ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ജനവരിയില്‍ നടക്കുന്ന എഐസിസി യോഗത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് സൂചന.


Click it and Unblock the Notifications