ഒരു സിന്ധ്യയും ആസാദും പോയാല്‍ പകരം 25 പേര്‍ വരും, അതാണ് കോണ്‍ഗ്രസ്: ജയ്‌റാം രമേശ്
ന്യൂദല്‍ഹി: മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു എന്ന് കരുതി കോണ്‍ഗ്രസ് ശൂന്യമാകില്ല എന്ന് പാര്‍ട്ടി വക്താവ് ജയ്‌റാം രമേശ്. കപില്‍ സിബല്‍, ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ കോണ്‍ഗ്രസ് വിട്ടതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ജയ്‌റാം രമേശ്.
ഓരോ ആസാദിനും (ഗുലാം നബി ആസാദ്), സിന്ധ്യയ്ക്കും (ജ്യോതിരാദിത്യ സിന്ധ്യ) പകരമായി കോണ്‍ഗ്രസിന് 25 പേര്‍ ഉണ്ടാകും എന്നും ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ യൂത്ത് കേഡര്‍ ശക്തമാവുകയാണ് എന്നും വരും ദിവസങ്ങളില്‍ നിരവധി യുവാക്കള്‍ക്ക് പാര്‍ട്ടിയില്‍ നിര്‍ണായക ചുമതലകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 35 ദിവസത്തിനുള്ളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ ഗണ്യമായി മാറി എന്നും ബി ജെ പി ഉയര്‍ത്തിപ്പിടിച്ച പ്രതിച്ഛായ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നും ജയ്‌റാം രമേശ് പറഞ്ഞു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവരുടെ ശരാശരി പ്രായം 34 വയസാണ് എന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം യൂത്ത് കോണ്‍ഗ്രസില്‍ പുനസംഘടന ഉണ്ടാകും എന്ന് പാര്‍ട്ടി ദേശീയ വൃത്തങ്ങള്‍ സൂചന നല്‍കി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അടിത്തറയാണ് ഭാരത് ജോഡോ യാത്രയെന്നും ജയറാം രമേശ് പറഞ്ഞു. ഈ യാത്ര തിരഞ്ഞെടുപ്പ് രാഷ്ട്രീയംലക്ഷ്യമാക്കിയുള്ളതല്ല, എന്നാല്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കും.

ഞങ്ങള്‍ എങ്ങനെ സംഘടനാപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും എന്നതാണ് വെല്ലുവിളി. വരും ദിവസങ്ങളില്‍ ഇത് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പിയുടെ ജനസങ്കല്‍പ പരിപാടി ഭാരത് ജോഡോ യാത്രയോടുള്ള പ്രതികരണമാണ് എന്നും ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു.

ബി ജെ പിയുടെ പ്രവര്‍ത്തനത്തിന്റെ നേട്ടങ്ങളൊന്നും കര്‍ണാടകയില്‍ കാണാനില്ല. കോണ്‍ഗ്രസിനെതിരെയുള്ള നിഷേധാത്മക പ്രചരണം മാത്രമാണ് അവര്‍ ഉപയോഗിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈ മാര്‍ച്ച് ഒരാള്‍ സംസാരിക്കുന്ന മന്‍ കി ബാത്ത് അല്ല എന്നും ഞങ്ങള്‍ വന്നത് സംസാരിക്കാനല്ല, പൊതുജനങ്ങളെ കേള്‍ക്കാനാണ്, എന്നും ജയ്‌റാം രമേശ് പറഞ്ഞു.












Click it and Unblock the Notifications