രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ കാലിടറുന്നു; 17 സംസ്ഥാനങ്ങളില്‍ പ്രാതിനിധ്യമില്ല
ന്യൂദല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസിന് സ്വാധീനം കുറയുന്നു. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ അംഗങ്ങളുടെ എണ്ണം കുറയും. എന്നാല്‍ പാര്‍ട്ടിയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത് അതിന്റെ ഭൂമിശാസ്ത്രപരമായ അടിത്തറ ചുരുങ്ങുന്നതാണ്. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 17 ഇടങ്ങളില്‍ കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രാതിനിധ്യം ഉണ്ടാകില്ല. മാര്‍ച്ച് അവസാനത്തോടെ രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 33 ആയിരുന്നു. നാല് അംഗങ്ങള്‍ ഇതിനകം വിരമിച്ചു.
ഒമ്പത് പേര്‍ കൂടി ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിരമിക്കും. തിരഞ്ഞെടുപ്പിന് ശേഷം, അംഗങ്ങളുടെ എണ്ണം 30 ആയി കുറയും, ഇത് രാജ്യസഭയിലെ ഏറ്റവും താഴ്ന്ന നിലയാണ്. ഒഴിവു വരുന്ന ആറ് സീറ്റുകളില്‍ ഒന്ന് ഡി എം കെ നല്‍കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ അംഗങ്ങളുടെ എണ്ണം 31 ആകും. എന്നാല്‍ ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, ഡല്‍ഹി, ഗോവ എന്നിവിടങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് രാജ്യസഭാ പ്രാതിനിധ്യം ഉണ്ടാകില്ല.

കൂടാതെ, ആദ്യമായി വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളിലെ എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് പ്രാതിനിധ്യം ഉണ്ടാകില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് 2019 ല്‍ രാജസ്ഥാനിലേക്ക് മാറുന്നതുവരെ അസമില്‍ നിന്നുള്ള എം പിയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ലഭിക്കുന്ന 30, 31 സീറ്റുകളില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ്, എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമായിരിക്കും. രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് 5 വീതവും ഛത്തീസ്ഗഡില്‍ നിന്ന് 4 വീതവും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 3 വീതവും പശ്ചിമ ബംഗാള്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതം അംഗങ്ങളും പാര്‍ട്ടിക്ക് ഉണ്ടാകും.

ബിഹാര്‍, കേരളം, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ അംഗം വീതമുണ്ടാകും. ലോക്സഭയിലും സമാനമായ അവസ്ഥയാണ്. ഹരിയാന, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് ലോക്സഭാ പ്രാതിനിധ്യമില്ല. ആകെയുള്ള 53 ലോക്‌സഭാ അംഗങ്ങളില്‍ 28 പേരും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്ന് 15, തമിഴ്നാട്ടില്‍ നിന്ന് എട്ട്, തെലങ്കാനയില്‍ നിന്ന് മൂന്ന്, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ വീതവും ഉണ്ട്.

ഉത്തരേന്ത്യയില്‍ പഞ്ചാബ് മാത്രമാണ് കാര്യമായ രീതിയില്‍ കോണ്‍ഗ്രസിനൊപ്പം നിന്നത്, 8 അംഗങ്ങളെ സഭയിലേക്ക് അയച്ചു. അസമില്‍ നിന്ന് മൂന്ന് എം പിമാരും ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും രണ്ട് വീതം എം പിമാരുമാണ് കോണ്‍ഗ്രസിനുള്ളത്. പല സംസ്ഥാനങ്ങളിലും ഒരു എം പി മാത്രമാണുള്ളത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ബീഹാര്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് ഒരു എം പി മാത്രമുള്ളത്. ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്.

പഞ്ചാബിലെ ഭരണം കൈവിട്ട് 18 സീറ്റിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങിയിരുന്നു. ഉത്തര്‍പ്രദേശില്‍ കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഭരണത്തില്‍ തിരിച്ചെത്താനായില്ല. നിലവില്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉള്ളത്. തമിഴ്‌നാട്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ക്കൊപ്പം സഖ്യത്തിലാണ് കോണ്‍ഗ്രസ്












Click it and Unblock the Notifications