ഉത്തരാഖണ്ഡിൽ കോൺഗ്രസ് വൻ വിജയം നേടും: ഹരീഷ് റാവത്ത്
ദില്ലി: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഹരീഷ് റാവത്ത്. ഞായറാഴ്ച മാധ്യങ്ങളോട് സംസാരിക്കവെയാണ് ഹരീഷ് റാവത്ത് ഇക്കാര്യം പറഞ്ഞത്. ''എഴുപത് നിയമസഭാ സീറ്റുകളിൽ നാൽപ്പത്തിയെട്ട് സീറ്റുകളിലെങ്കിലും കോൺഗ്രസ് വിജയിക്കും. ഒന്നോ രണ്ടോ സീറ്റുകൾ വ്യത്യാസം വന്നാലും അമ്പതിനടുത്ത സീറ്റുകളിൽ കോൺഗ്രസ് വിജയക്കൊടി പാറിക്കും''.
''ഉത്തരാഖണ്ഡിൽ നടക്കുന്നത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടം അല്ല. ബിജെപിയും സാധാരണ പൗരൻമാരും തമ്മിലുള്ള പോരാട്ടം ആണ്. മൂന്ന് തവണ ബിജെപി മുഖ്യമന്ത്രിമാരെ മാറ്റി. എന്നിട്ടും ഫലം കണ്ടില്ല. തൊഴിലില്ലായ്മ, പണപ്പെരുപ്പം, അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ ഇവ എല്ലാം തന്നെ ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ജനങ്ങൾ ഈ ഗവൺമെന്റിനാൽ പൊറുതിമുട്ടിയിരിക്കുകയാണ്''. നിലവിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം കോൺഗ്രസിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള ചോദ്യത്തിന്, ഒരു ഇളയ സഹോദരൻ ജ്യേഷ്ഠന്റെ അടുത്തേക്ക് പോകുന്നത് സ്വാഭാവികമാണെന്ന ഉത്തരമാണ് ഹരീഷ് നൽകിയത്.

അതേ സമയം എഴുപതിൽ അറുപത് സീറ്റുകളും നേടി അധികാരത്തിൽ തുടരും എന്നാണ് ബിജെപി അവകാശപ്പെടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംസ്ഥാനത്ത് ചെയ്ത വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദേവേന്ദ്ര ഭാസിൻ പറഞ്ഞു. ഋഷികേശ്-കർണപ്രയാഗ് റെയിൽ പാത, ചാർധാം ഓൾ-വെതർ റോഡ്, ഡെറാഡൂൺ-ഡൽഹി സാമ്പത്തിക ഇടനാഴി തുടങ്ങിയ പദ്ധതികൾ ബിജെപിയുടെ കാഴ്ചപ്പാടിന്റെ ഫലമാണ്. ജനങ്ങൾ ഇത് അംഗീകരിച്ചു. കോൺഗ്രസിന് പ്രതിപക്ഷത്ത് ഇനിയും അഞ്ച് വർഷം ഇരിക്കേണ്ടി വരും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
എന്നാൽ സംസ്ഥാനത്ത് നടക്കാൻ പോകുന്നത് ഇരുപാർട്ടികൾ തമ്മിലുള്ള കടുത്ത പോരാട്ടം ആയിരിക്കും എന്നാണ് മുതിർന്ന തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ അഭിപ്രായം. ബിജെപിക്ക് പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായ വലിയ ഉത്തേജനം ആണ് നൽകുന്നത്. കോൺഗ്രസിനാകട്ടെ നിലവിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരം അനുകൂലമാകും. 500 രൂപയിൽ താഴെ വിലയ്ക്ക് എൽപിജി സിലിണ്ടറുകൾ നൽകുമെന്ന വാഗ്ദാനവും സ്വാഗതാർഹമാണ്. ആഭ്യന്തര അട്ടിമറിയും ഇരു പാർട്ടികളിലെയും അംഗങ്ങൾ വിമതരായി മാറിയതും പോരാട്ടത്തെ കൂടുതൽ കൗതുകകരമാക്കി എന്നും ഇവർ പറയുന്നു.












Click it and Unblock the Notifications