സംഘർഷഭൂമിയായ മണിപ്പൂരിൽ 'താമര' കരിഞ്ഞു; രണ്ട് സീറ്റും നേടി കോൺഗ്രസ്
ഡൽഹി: മണിപ്പൂരിൽ താമര വിരിയിക്കാമെന്ന ബിജെപി മോഹനത്തിന് കനത്ത തിരിച്ചടി. സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് വിജയിച്ചു. ഔട്ടർ മണിപ്പൂരിൽ ആല്‍ഫ്രഡ് കന്‍ഗം എസ് ആര്‍തൂറും ഇന്നർ മണിപ്പൂരിൽ നിന്നും അങ്ക്‌മോജ ബിമല്‍ അകോയ്ജമും ആണ് വിജയിച്ചത്.10,7082 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു അകോയ്ജമക്ക് ലഭിച്ചത്. ആര്‍തൂറിന് 82,389 വോട്ടിന്റെ ഭൂരിപക്ഷവും നേടാനായി.
2019 ൽ ഇന്നർ മണിപ്പൂരിൽ ബി ജെ പിയും ഔട്ടർ മണിപ്പൂരിൽ എൻ പി പിയുമായിരുന്നു വിജയിച്ചത്. എന്നാൽ ഇക്കുറി വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ഇരുപാർട്ടികളും ബഹുദൂരം പിന്നിലായിരുന്നു. ഇന്നർ മണിപ്പൂരിൽ 26,0300 വോട്ടുകളാണ് ബി ജെ പി സ്ഥാനാര്‍ത്ഥിയായ തൗനാജം ബസന്ത കുമാര്‍ സിങ്ങിന് ലഭിച്ചത്.

മണിപ്പൂരിലെ കലാപത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബിജെപിക്കെതിരായ വികാരം ശക്തമായിരുന്നു. കലാപത്തെ ബി ജെ പി കൈകാര്യം ചെയ്ത രീതിയ്ക്കെതിരെ പ്രതിപക്ഷം അന്ന് ശക്തമായി രംഗത്തെത്തിയിരുന്നു. കലാപത്തിന്റെ തുടക്ക സമയങ്ങളില്‍ ഒരു വാക്ക് പോലും പ്രതികരിക്കാതിരുന്ന മോദി കലാപം ആരംഭിച്ച് 79 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികരണം അറിയിച്ചത്. മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്നരായി റോഡിലൂടെ നടത്തിയ സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു അത്. ഒരു വർഷം നീണ്ടുനിന്ന കലാപ്തിൽ 220ലധികം പേരായിരുന്നു കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും പതിനായിരക്കണക്കിന് പേർ ഭവനരഹിതരാവുകയും ചെയ്തിരുന്നു.












Click it and Unblock the Notifications