പരാജയം വിലയിരുത്തും: കോൺഗ്രസ് വർക്കിങ് കമ്മറ്റി നാളെ
ന്യൂഡൽഹി: അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ പരാജയം ചർച്ച ചെയ്യാനായി നാളെ കോൺഗ്രസ് വർക്കിങ് കമ്മറ്റി ചേരും. നാളെ വൈകുന്നേരം നാല് മണിയോടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്താകും യോഗം ചേരുക. തെരഞ്ഞെടുപ്പുകളിൽ പാർട്ടി നേരിട്ട പരാജയവും നിലവിലെ രാഷ്‌ട്രീയ സാഹചര്യവും യോഗത്തിൽ ചർച്ചയാകും.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ പരാജയമാണുണ്ടായത്. കോൺഗ്രസ് ഭരണത്തിലിരുന്ന പഞ്ചാബിൽ ഭരണം നഷ്‌ടപ്പെടുക മാത്രമല്ല വെറും 18 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. യുപിയിൽ 90 ശതമാനം കോൺഗ്രസ് സ്ഥാനാർഥികൾക്കും കെട്ടിവച്ച പണം നഷ്‌ടമായി. മത്സരിച്ച 399 സീറ്റിൽ 387 സീറ്റിലും സ്ഥാനാർഥികൾക്ക് പണം നഷ്‌ടമായി. കോൺഗ്രസിന് 2.4 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ സെപ്റ്റംബറിൽ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കുറച്ചു കൂടി നേരത്തെ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും നാളത്തെ പ്രവർത്തകസമിതിയിൽ ഉണ്ടായേക്കും.

അതേ സമയം എഐസിസി നേതൃത്വത്തിനെതിരെ ജി-23 നേതാക്കൾ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തനസമിതിയുടെ ഘടനയിൽ മാറ്റം വരുത്തണമെന്നും പുതിയ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നതാണ് ജി 23 നേതാക്കളുടെ ആവശ്യം. കോൺഗ്രസിന്‍റെ പരാജയത്തിൽ തന്‍റെ ഹൃദയം നുറുങ്ങുന്നുവെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവായ ഗുലാം നബി ആസാദിന്‍റെ പ്രതികരണം. ശനിയാഴ്‌ച ഗുലാം നബി ആസാദിന്‍റെ വസതിയിൽ യോഗം ചേർന്നിരുന്നു. യോഗത്തിൽ മുതിർന്ന നേതാക്കളായ കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ, അഖിലേഷ് പ്രസാദ് സിങ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
പഞ്ചാബിലെ പരാജയം മറ്റു സംസ്ഥാനങ്ങളിലും തിരിച്ചടിയാകുമെന്നും എഐസിസി നേതൃത്വം ആത്മപരിശോധന നടത്തണമെന്നും കമൽനാഥ് കോൺഗ്രസിന്റെ പരാജയത്തിൽ പ്രതികരിച്ചു. ഈ സമയം മാറ്റം അനിവാര്യമാണെന്നായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം. അതേ സമയം പഞ്ചാബിലെ പരാജയം നാലര വർഷത്തെ അമരീന്ദർ സർക്കാരിന്‍റെ ഭരണത്തിനെതിരെയുള്ള പ്രതിഫലനമായിരുന്നുവെന്നായിരുന്നു കോൺഗ്രസ് വക്താവിന്റെ പ്രതികരണം. എന്നാൽ ഉത്തരാഖണ്ഡിലെയും ഉത്തർപ്രദേശിലെയും ഗോവയിലെയും പരാജയത്തെ എങ്ങനെയാണ് വിലയിരുത്തുന്നതെന്നും പരാജയത്തിന്‍റെ കാരണം കോൺഗ്രസിന് അറിയാമെന്നും എന്നാൽ അറിയാത്തതുപോലെ അഭിനയിക്കുകയാണെന്നും അമരീന്ദർ സിങ് പ്രതികരിച്ചു.












Click it and Unblock the Notifications