രാജസ്ഥാനിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ്; എംഎല്‍എമാരോട് രാജി പിന്‍വലിക്കണമെന്ന് ഹൈക്കമാന്റ്
ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശ്രമങ്ങള്‍ തുടങ്ങി. സെപ്തംബറില്‍ കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി യോഗം ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് രാജി സമര്‍പ്പിച്ച അശോക് ഗെലോട്ട് വിഭാഗത്തിലെ 91 എം എല്‍ എമാരോട് രാജി പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ചില എംഎല്‍എമാര്‍ നിയമസഭാ സ്പീക്കര്‍ സി പി ജോഷിക്ക് രാജിക്കത്ത് പിന്‍വലിക്കുന്നതിനായി കത്തയച്ചതായാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ രണ്‍ധാവ വെള്ളിയാഴ്ച സ്പീക്കറെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ എത്തി കണ്ടിരുന്നു.

സി പി ജോഷിയുമായുള്ള കൂടിക്കാഴ്ചയില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം പ്രകാരം സുഖ്ജീന്ദര്‍ രണ്‍ധാവ എം എല്‍ എമാരുടെ തര്‍ക്കം പരിഹരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. നിയമസഭയുടെ ബജറ്റ് സമ്മേളനം ജനുവരി 23 ന് ആരംഭിക്കും. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി എം എല്‍ എമാരുടെ രാജി പിന്‍വലിക്കല്‍ ഭരണപക്ഷത്തിന് അനിവാര്യമാണ്.

എം എല്‍ എമാരുടെ രാജി സംബന്ധിച്ച് പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോഡ് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ സ്പീക്കറോട് കോടതി മറുപടി തേടിയിട്ടുമുണ്ട്. അതേസമയം എം എല്‍ എമാരുടെ രാജി പ്രധാന വിഷയമാക്കാനാണ് ബി ജെ പിയുടെ നീക്കം.

ബജറ്റ് സമ്മേളനത്തില്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ബി ജെ പി സ്പീക്കര്‍ സി പി ജോഷിയെ സമീപിക്കും എന്നാണ് റിപ്പോര്‍ട്ട്. രാജി പിന്‍വലിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല എന്നാണ് പ്രതിപക്ഷ ഉപനേതാവ് റാത്തോഡ് പറയുന്നത്. രാജി വെച്ച കോണ്‍ഗ്രസ് എം എല്‍ എമാരെ നിയമസഭാംഗങ്ങളായി തുടരാന്‍ സ്പീക്കര്‍ അനുവദിക്കരുത് എന്നും രാജേന്ദ്ര റാത്തോഡ് കൂട്ടിച്ചേര്‍ത്തു

നിയമസഭയുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയാത്ത ഒരു നിയമവിരുദ്ധ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് എന്നും രാജേന്ദ്ര റാത്തോഡ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അശോക് ഗെലോട്ട് സന്നദ്ധത പ്രകടിപ്പിച്ചതിന് പിന്നാലെ ആണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. നേരത്തെ 2020 ലും അശോക് ഗെലോട്ട് സച്ചിന്‍ പൈലറ്റ് തര്‍ക്കം രാജസ്ഥാന്‍ കോണ്‍ഗ്രസിനെ ആടിയുലച്ചിരുന്നു.












Click it and Unblock the Notifications