'ബന്ധം തകരുമ്പോഴല്ല പരാതിപ്പെടേണ്ടത്'; ഉഭയസമ്മതത്തോടെയുള്ള വിവാഹേതരബന്ധം കുറ്റമല്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഉഭയ സമ്മത പ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. വര്‍ഷങ്ങളായി വിവാഹേതര ബന്ധം തുടരുന്ന സ്ത്രീ അതേ പുരുഷനെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന് പരാതി പറയുന്നതിനെ അംഗീകരിക്കാനാകില്ല എന്നും അതിന്റെ പേരില്‍ ആ പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
മുംബൈയിലെ ഖര്‍ഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ വിധി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എന്‍ കെ സിംഗ് എന്നിവരുടേതാണ് ഉത്തരവ്. മഹേഷ് ദാമു ഖാരെ എന്നയാള്‍ക്കെതിരെയാണ് വിധവയായ സ്ത്രീ ബലാത്സംഗ പരാതി നല്‍കിയത്. മഹേഷ് ദാമു ഖാരെ വിവാഹിതനായിരുന്നു.

2008 ലാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നത്. 2017 ലാണ് സ്ത്രീ മഹേഷ് ദാമു ഖാരെയ്ക്കതിരെ പരാതി നല്‍കുന്നത്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു താനുമായി മഹേഷ് ബന്ധം സ്ഥാപിക്കുന്നത് എന്നാണ് സ്ത്രീയുടെ പരാതിയില്‍ ഉള്ളത്. എന്നാല്‍ ദീര്‍ഘകാലം ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരം ആണെന്നായിരുന്നു കോടതിയുടെ മറുപടി.
വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ യഥാസമയം പരാതി നല്‍കണമായിരുന്നു എന്നും അല്ലാതെ ബന്ധം തകരുമ്പോഴല്ലെന്നും കോടതി പറഞ്ഞു. 'സ്ത്രീ അറിഞ്ഞുകൊണ്ട് ദീര്‍ഘകാലത്തേക്ക് ശാരീരിക ബന്ധം നിലനിര്‍ത്തുന്ന സാഹചര്യത്തില്‍, പ്രസ്തുത ശാരീരിക ബന്ധം പൂര്‍ണ്ണമായും അവരെ വിവാഹം കഴിക്കാമെന്ന് നല്‍കിയ വാഗ്ദാനത്തിന്റെ പേരിലാണ് എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല', എന്നായിരുന്നു കോടതി പറഞ്ഞത്.
ഏറെക്കാലമായി തുടരുന്ന പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങള്‍ ക്രിമിനല്‍ നിയമപ്രകാരം കുറ്റകരമാക്കാന്‍ ശ്രമിക്കുന്നത് ആശങ്കാജനകമായ ഒരു പ്രവണതയാണെന്നും കോടതി പറഞ്ഞു. നേരത്തെ കേസില്‍ പ്രതിക്ക് സെഷന്‍സ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ ഇയാള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
എന്നാല്‍ പരാതിക്കാരിയുമായുള്ള ബന്ധം ഉഭയ കക്ഷി സമ്മത പ്രകാരമാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അദ്ദേഹത്തിന്റെ ഹര്‍ജി തള്ളിയിരുന്നു. ഇതോടെയാണ് മഹേഷ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.












Click it and Unblock the Notifications