യാത്രക്കാരന് ഒരു രൂപ ബാലന്‍സ് നല്‍കിയില്ല; 3000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷന്‍
നിയമനടപടി സ്വീകരിച്ച ഉപഭോക്താവിനെ കമ്മിഷന്‍ അഭിനന്ദിച്ചു. നിസാര കാര്യമാണെന്ന് തോന്നുമെങ്കിലും വലിയ കാര്യമാണ് ചെയ്തിരിക്കുന്നത് എന്ന് കമ്മീഷന്‍ പറഞ്ഞു

ബെംഗളൂരു: ബസ് യാത്രക്കാരന് ഒരു രൂപ ബാക്കി നല്‍കാത്തതിന് 3000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷന്‍. കര്‍ണാടകയിലാണ് സംഭവം. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് ആണ് (ബി എം ടി സി) ഉപഭോക്തൃ കമ്മിഷന്‍ പിഴയിട്ടത്.
പിഴത്തുക മുഴുവനും യാത്രക്കാരന് നഷ്ടപരിഹാരമായി നല്‍കണം എന്നാണ് ഉത്തരവില്‍ പറയുന്നത്. 2019 സെപ്റ്റംബര്‍ 11 ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് എന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിഭാഷകനായ രമേശ് നായ്ക് എന്നയാളായിരുന്നു കേസിലെ പരാതിക്കാരന്‍.
ബെംഗളൂരുവിലെ മജെസ്റ്റിക്കില്‍നിന്ന് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ വോള്‍വോ ബസില്‍ യാത്ര ചെയ്യുകയായിരുന്നു രമേശ് നായ്ക്. ശാന്തിനഗറിലേക്കായിരുന്നു രമേശ് നായ്കിന്‍ഫെ യാത്ര. ഇവിടേക്ക് 29 രൂപയായിരുന്നു ടിക്കറ്റ്.
ഇതിനായി 30 രൂപയാണ് രമേശ് നായ്ക് നല്‍കിയിരുന്നത്. എന്നാല്‍ ഒരു രൂപ ബാക്കി കണ്ടക്ടര്‍ രമേശ് നായ്കിന് നല്‍കിയിരുന്നില്ല. ബാലന്‍സായ ഒരു രൂപ ആവശ്യപ്പെട്ടപ്പോള്‍ കണ്ടക്ടര്‍ തിരിച്ച് നല്‍കാന്‍ വിസമ്മതിച്ചു എന്നും മോശമായി പെരുമാറുകയും ചെയ്തു എന്നുമാണ് പരാതിയില്‍ പറയുന്നത്.
പരാതി പരിഗണിച്ച ഉപഭോക്തൃ കമ്മീഷന്‍ ബാക്കിയുള്ള ഒരു രൂപ തിരിച്ചുനല്‍കണം എന്ന് ബി എം ടി സിയോട് നിര്‍ദേശിത്തു. കൂടാതെ സേവനത്തിലെ വീഴ്ചയ്ക്ക് 2,000 രൂപ നഷ്ടപരിഹാരമായും നിയമനടപടികള്‍ക്കു വേണ്ടി വന്ന ചെലവിലേക്ക് ആയിരം രൂപ കൂടി നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

45 ദിവസത്തിന് ഉള്ളില്‍ നിര്‍ദേശിച്ച തുക നല്‍കണമെന്നും അല്ലാത്തപക്ഷം ബി എം ടി സി മാനേജിങ് ഡയര്‍ക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ പരാതിക്കാരന് അവകാശമുണ്ട് എന്നും കമ്മീഷന്‍ പറഞ്ഞു. കൂടാതെ സംഭവത്തില്‍ നിയമനടപടി സ്വീകരിച്ച ഉപഭോക്താവിനെ കമ്മിഷന്‍ അഭിനന്ദിക്കുകയും ചെയ്തു. പ്രത്യക്ഷത്തില്‍ നിസാര കാര്യമാണെന്ന് തോന്നുമെങ്കിലും പൗരാവകാശം എന്ന വലിയ വിഷയമാണ് പരാതിക്കാരന്‍ ഉയര്‍ത്തിയിരിക്കുന്നത് എന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications