535 കോടി രൂപയുമായി വന്ന റിസര്‍വ് ബാങ്കിന്റെ ട്രക്ക് ബ്രേക്ക് ഡൗണായി; കുതിച്ചെത്തി പൊലീസ്
ചെന്നൈ: റിസര്‍വ് ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപയുമായി വന്ന കണ്ടെയ്‌നര്‍ ലോറി പാതിവഴിയില്‍ ബ്രേക്ക് ഡൗണ്‍ ആയി. ചെന്നൈയിലെ റിസര്‍വ് ബാങ്കില്‍ നിന്ന് വില്ലുപുരത്തേക്കുള്ള 1070 കോടി രൂപയുടെ പണവുമായി വന്ന രണ്ട് കണ്ടെയ്നറുകളിലൊന്നിലാണ് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടത്. ചെന്നൈയിലെ താംബരത്ത് എത്തിയപ്പോഴാണ് ട്രക്ക് ബ്രേക്ക് ഡൗണ്‍ ആയത്.
17 പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ആയിരുന്നു ട്രക്കുകള്‍ ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടത്. 535 കോടി രൂപ വീതമായിരുന്നു ഇരുട്രക്കിലും ഉണ്ടായിരുന്നത്. ട്രക്ക് തകരാറിലായതറിഞ്ഞ് ക്രോംപേട്ട് പൊലീസ് സ്ഥലത്തേക്ക് കുതിച്ചെത്തി. പിന്നീട് കൂടുതല്‍ സംരക്ഷണത്തിനായി മറ്റൊരു സംഘത്തെ കൂടെ വിളിപ്പിച്ചു. ബാങ്കുകളില്‍ കറന്‍സി എത്തിക്കുന്നതിനായാണ് ചെന്നൈയിലെ ആര്‍ബിഐ ഓഫീസില്‍ നിന്ന് വില്ലുപുരത്തേക്ക് രണ്ട് ട്രക്കുകളും പുറപ്പെട്ടത്.

തകരാറിലായതിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ ചെന്നൈയിലെ താംബരത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയിലേക്ക് മാറ്റി. താംബരം അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീനിവാസന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള പ്രവേശനം ഹ്രസ്വ കാലത്തേക്ക് നിരോധിക്കുകയും ചെയ്തു. ട്രക്ക് നന്നാക്കാന്‍ മെക്കാനിക്കുകള്‍ക്ക് കഴിയാതെ വന്നതോടെ പണം റിസര്‍വ് ബാങ്കിലേക്ക് തിരിച്ചയച്ചു.
നേരത്തെ 2021 ല്‍ ചണ്ഡീഗഡിലെ മധ്യമാര്‍ഗില്‍ റിസര്‍വ് ബാങ്ക് ഓഫീസിലേക്ക് പണവുമായി പോവുകയായിരുന്ന രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ചിരുന്നു. അന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. ചണ്ഡിഗഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍ ബി ഐ ആസ്ഥാനമായ സെക്ടര്‍ 17 ലേക്ക് അഞ്ച് ട്രക്കുകളില്‍ കൊണ്ടുപോകവെ ആയിരുന്നു അപകടം.












Click it and Unblock the Notifications