മരണത്തിന് ഉത്തരവാദി മന്ത്രിയെന്ന് കരാറുകാരന്റെ ആത്മഹത്യക്കുറിപ്പ്; കർണാടക മന്ത്രിക്കെതിരെ കേസ്
ബംഗളൂരു: കരാറുകാരന്റെ ആത്മഹത്യയിൽ കർണാടക ആർഡിപിആർ മന്ത്രി കെഎസ് ഈശ്വരപ്പക്കെതിരെ കേസ്. അഴിമതി ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഉഡുപ്പിയിലെ ലോഡ്ജിൽ ആത്മഹ ത്യ ചെയ്ത സന്തോഷ് പാട്ടീൽ എന്ന കോൺട്രാക്ടറുടെ മരണത്തിലാണ് ഈശ്വരപ്പക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സന്തോഷിന്റെ ആത്മഹത്യക്കുറിപ്പിൽ മന്ത്രിയാണ് മരണത്തിന് ഉത്തരവാദി എന്ന് ഇയാൾ കുറിച്ചിരുന്നു.
സന്തോഷ് പാട്ടീലിന്റെ സഹോദരൻ പ്രശാന്ത് നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. മന്ത്രിക്ക് പുറമെ കൂട്ടാളികളായ ബസവരാജ്, രമേഷ് എന്നിവർക്കെതിരെയും കേസ് ചാർജ് ചെയ്തിട്ടുണ്ട്. ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പിൽ മന്ത്രി നടത്തിയ 4 കോടി രൂപയുടെ പ്രവൃത്തികളിൽ മന്ത്രിയുടെ കൂട്ടാളികൾ 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടതായി പാട്ടീൽ ആരോപിച്ചിരുന്നു. എന്നാൽ സന്തോഷിനെ അറിയില്ലെന്ന് പറഞ്ഞ് ആരോപണം നിഷേധിച്ച മന്ത്രി സന്തോഷിനെതിരെ മാനഹാനിക്ക് കേസും നൽകിയിരുന്നു.

"ആർഡിപിആർ മന്ത്രി കെഎസ് ഈശ്വരപ്പ മാത്രമാണ് എന്റെ മരണത്തിന് ഉത്തരവാദി. എന്റെ ആഗ്രഹങ്ങൾ മാറ്റിവെച്ചാണ് ഞാൻ ഈ തീരുമാനം എടുക്കുന്നത്. എന്റെ ഭാര്യയും കുട്ടികളും സംരക്ഷിക്കണമെന്ന് നമ്മുടെ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും നമ്മുടെ പ്രിയപ്പെട്ട ലിംഗായത്ത് നേതാവ് ബിഎസ്‌വൈയോടും മറ്റെല്ലാവരോടും ഞാൻ കൈകൂപ്പി അഭ്യർത്ഥിക്കുന്നു." എന്നായിരുന്നു സന്തോഷിന്റെ ആത്മഹത്യക്കുറിപ്പിലെ വാക്കുകൾ. ഹിന്ദുത്വ സംഘടനയായ ഹിന്ദു വാഹിനിയുടെ ദേശീയ സെക്രട്ടറി കൂടിയായ സന്തോഷ് പാട്ടീൽ നേരത്തേ, ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ സിംഗിനും കത്തെഴുതിയിരുന്നു.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കേസിന്റെ എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും രാജിയെക്കുറിച്ച് മന്ത്രിയുമായി സംസാരിക്കുമെന്നും പറഞ്ഞു." രാജിയെക്കുറിച്ച് അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. ഞങ്ങൾ നേരിട്ട് സംസാരിച്ചാൽ അത് വ്യക്തമാകും" മുഖ്യമന്ത്രി പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. കരാറുകാരന്റെ മരണത്തിൽ വേഗത്തിലുള്ളതും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബൊമ്മൈ ഇന്നലെ പറഞ്ഞു.
അതേസമയം, കരാറുകാരനെ തനിക്കറിയില്ലെന്ന് ഈശ്വരപ്പ ഇന്നലെ വൈകുന്നേരവും ആവർത്തിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം മന്ത്രി നിരസിക്കുകയും ചെയ്തു. സന്തോഷ് പാട്ടീലിനെതിരെ മാനനഷ്ട കേസ് നൽകിയതിനു ശേഷം അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ആത്മഹത്യ ചെയ്ത വാർത്ത അറിയുന്നത്. അതല്ലാതെ തനിക്കിതിൽ യാതൊരു പങ്കുമില്ലെന്നും മന്ത്രി പറയുന്നു.












Click it and Unblock the Notifications