എന്റെ മരണത്തിന് കാരണം മന്ത്രി; കരാറുകാരന്റെ അവസാന സന്ദേശം, രാജിവയ്ക്കില്ലെന്ന് ഈശ്വരപ്പ
ബെംഗളൂരു: കരാറുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ പിന്നാലെ കര്‍ണാടകയില്‍ വന്‍ വിവാദം. മന്ത്രി ഈശ്വരപ്പയുടെ സഹായി 40 ശതമാനം കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണം ഉന്നയിച്ച പിന്നാലെയാണ് സന്തോഷ് പാട്ടീല്‍ എന്ന കരാറുകാരനെ ഉഡുപ്പിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടത്. കരാര്‍ ലഭിക്കാന്‍ മന്ത്രിയുടെ സഹായി കൈകൂലി ചോദിച്ചുവെന്ന വിവരം സന്തോഷ് പാട്ടീല്‍ മാധ്യമങ്ങളെയും അറിയിച്ചിരുന്നു. ചില സുഹൃത്തുക്കളോടും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നുവത്രെ. തന്റെ മരണത്തിന് കാരണം മന്ത്രി ഈശ്വരപ്പയാണ് എന്ന് എഴുതിവച്ചാണ് സന്തോഷ് പാട്ടീല്‍ മരിച്ചത്.

തന്റെ മരണ ശേഷം ഭാര്യയെയും മക്കളെയും സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുതിര്‍ന്ന ബിജെപി നേതാവ് ബിഎസ് യെഡിയൂരപ്പ തുടങ്ങിയവരോട് ആത്മഹത്യാ കുറിപ്പില്‍ സന്തോഷ് പാട്ടീല്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈശ്വരപ്പ മാത്രമാണ് എന്റെ മരണത്തിന് ഉത്തരവാദി. എന്റെ എല്ലാ ആഗ്രഹങ്ങളും മാറ്റിവച്ച് കടുത്ത തീരുമാനം എടുക്കുകയാണ്. മരണ ശേഷം എന്റെ കുടുംബത്തെ സംരക്ഷിക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ സന്തോഷ് പാട്ടീല്‍ എഴുതിയിരിക്കുന്നു.
സന്തോഷ് പാട്ടീല്‍ താമസിച്ചിരുന്ന ലോഡ്ജിലെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന പരിചയക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മാധ്യമങ്ങള്‍ വഴി സന്തോഷ് പാട്ടീലിന്റെ മരണത്തെ കുറിച്ച് അറിഞ്ഞുവെന്ന് മന്ത്രി ഈശ്വരപ്പ പറഞ്ഞു. മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. കൈകൂലി ചോദിച്ച ഈശ്വരപ്പ മന്ത്രിപദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്ന് ഈശ്വരപ്പ പറഞ്ഞു.
രാജിവയ്ക്കുന്ന പ്രശ്‌നമില്ല. സന്തോഷ് പാട്ടീലിനെ ഞാന്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കോടതി വിധി വരുന്നത് കാത്തിരിക്കുകയാണ്. തെറ്റായി ഞാനൊന്നും ചെയ്തിട്ടില്ലെന്നും ഈശ്വരപ്പ പറഞ്ഞു. ഗ്രാമവികസന വകുപ്പ് മന്ത്രിയാണ് ഈശ്വരപ്പ. ഇദ്ദേഹത്തിന്റെ വകുപ്പിന് കീഴിലുള്ള നാല് കോടിയുടെ കരാര്‍ ലഭിക്കുന്നതിന് മന്ത്രിയുടെ സഹായി 40 ശതമാനം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവത്രെ. ദിവസങ്ങള്‍ക്ക് മുമ്പാണ് കരാറുകാരന്‍ മന്ത്രിക്കെതിരെ ഈ ആരോപണം ഉന്നയിച്ചത്. കേന്ദ്ര മന്ത്രി ഗിരിരാജ് സിങിന് ഇതുസംബന്ധിച്ച് കരാറുകാരന്‍ കത്തെഴുതിയിരുന്നു. സന്തോഷ് പാട്ടീലിന്റെ മരണത്തിന് ഉത്തരവാദി ബിജെപിയാണെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ കുറ്റപ്പെടുത്തി.












Click it and Unblock the Notifications