വിവാദ പെഹൽഗാം പരാമർശം, ഒരു വർഷത്തിന് ശേഷം കുത്തിപ്പൊക്കി, വീണ്ടും മാപ്പ് പറഞ്ഞ് സോനു നിഗം
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി പ്രശസ്ത ഗായകന്‍ സോനു നിഗം. ഒരു വര്‍ഷം മുന്‍പ് 2025 ഏപ്രിലില്‍ ബെംഗളൂരുവില്‍ സംഗീത പരിപാടിക്കിടെ സോനു നിഗം നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. കന്നട സംഘടനകളുടെ പരാതിയെ തുടര്‍ന്ന് സോനു നിഗത്തിനെതിരെ അന്ന് കേസെടുക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഒക്ടോബര്‍ 26ന് ബെംഗളൂരുവില്‍ സോനു നിഗത്തിന്റെ മറ്റൊരു സംഗീത പരിപാടി നടക്കാനിരിക്കെയാണ് പഴയ വിവാദം വീണ്ടും സജീവമായത്. സോനു നിഗം കന്നഡിഗരെ അപമാനിച്ചുവെന്നും അദ്ദേഹത്തിന്റെ സംഗീത പരിപാടിക്ക് അനുമതി നല്‍കരുത് എന്നും ആവശ്യപ്പെട്ട് കര്‍ണാടക രക്ഷന വേദികെ (കെആര്‍വി) എന്ന സംഘടനയാണ് രംഗത്ത് വന്നത്. ഇതോടെയാണ് സോനു നിഗം ക്ഷമാപണം നടത്തിയത്.
2025ല്‍ ഈസ്റ്റ് പോയിന്റെ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടത്തിയ സംഗീത പരിപാടിക്കിടെ സദസ്സില്‍ നിന്നൊരാള്‍ കന്നട ഗാനം പാടാന്‍ സോനു നിഗത്തിനോട് ആവശ്യപ്പെട്ടതാണ് വിവാദങ്ങളുടെ തുടക്കം. തനിക്ക് നേരെ ഭീഷണി മുഴക്കിയത് പോലെയാണ് തോന്നുന്നതെന്ന് സോനു നിഗം വേദിയില്‍ വെച്ച് തന്നെ ചൂണ്ടിക്കാട്ടി.

പെഹല്‍ഗാം സംഭവിച്ചത് തന്നെ ഇക്കാരണം കൊണ്ടാണ്. ഇതാണ് കാരണം, നിങ്ങള്‍ ഇപ്പോള്‍ ചെയ്തത് എന്നാണ് സോനു നിഗം പറഞ്ഞത്. കന്നഡ ഭാഷയേയും വികാരങ്ങളേയും വ്രണപ്പെടുത്തി എന്നാരോപിച്ച് സോനു നിഗത്തിന് എതിരെ വലിയ പ്രതിഷേധമാണ് കന്നട സംഘടനകള്‍ അന്ന് ഉയര്‍ത്തിയത്. കെആര്‍വി ആവളഹള്ളി പോലീസ് സ്‌റ്റേഷനില്‍ സോനു നിഗത്തിന് എതിരെ പരാതി നല്‍കി.
ഇതിന് പിന്നാലെ സോനു നിഗം വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. കന്നട ഗാനം ആവശ്യപ്പെട്ട യുവാവിന്റെ പെരുമാറ്റത്തെ കുറിച്ചായിരുന്നു തന്റെ പ്രതികരണമെന്നും കന്നട ജനതയെ ആകെ ഉദ്ദേശിച്ചിട്ടുളളതായിരുന്നില്ലെന്ന് സോനു നിഗം വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ തുടര്‍ന്ന സാഹചര്യത്തില്‍ സോനു നിഗം അന്ന് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
ഈ മാസം ബെംഗളൂരുവിലെ ഭാരതീയ മാളില്‍ വെച്ചാണ് സോനു നിഗത്തിന്റെ സംഗീത പരിപാടി. പഴയ പരാമര്‍ശത്തിന്റെ പേരില്‍ സോനു നിഗത്തിനെതിരെ പ്രതിഷേധിക്കുമെന്ന് കെആര്‍വി സംഘടന വ്യക്തമാക്കിയതോടെയാണ് സോനു നിഗം വീണ്ടും ക്ഷമാപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ ടിഎ നാരായണ ഗൗഡയുമായുളള ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് എക്‌സില്‍ സോനു നിഗം ക്ഷമാപണ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സത്യം എന്താണെന്ന് തനിക്കും ദൈവത്തിനും ആ വൈകുന്നേരം അവിടെ ഉണ്ടായിരുന്നവര്‍ക്കും അറിയാം. നമ്മള്‍ സ്‌നേഹിക്കുമ്പോള്‍, ബന്ധം തുടരണമെന്ന് ആഗ്രഹിക്കുമ്പോള്‍ ആയിരം തവണയും മാപ്പ് പറയാന്‍ ഒരു പ്രശ്‌നവും തോന്നില്ല. എന്റെ ഏതെങ്കിലും വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ അതിന് മാപ്പ് ചോദിക്കുന്നു, സോനു നിഗം പറഞ്ഞു. ഇതിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിക്കുന്നതായി കെആര്‍വി സംഘടനയും വ്യക്തമാക്കി.


Click it and Unblock the Notifications
