വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി; പ്രതിഷേധിച്ച് സിപിഎം; പ്രസ്താവന ഇങ്ങനെ...
ദില്ലി: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിൻ്റെ വിവാദ പ്രസ്താവനയിൽ പ്രതിഷേധം രേഖപ്പെടുത്തി സിപിഎം. എല്ലാ മതസ്തരും പൊതുസ്ഥലങ്ങളിൽ പ്രാർഥനകൾ നടത്താറുണ്ടെന്നും മനോഹർ ലാൽ ഖട്ടറിന്റെ പ്രതികരണം അംഗീകരിക്കാനാകില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിലും ഫെയ്സ്ബുക്കിലും പറഞ്ഞു. ഗുരുഗ്രാമിൽ പള്ളികൾ നിർമിക്കാൻ സാധിക്കാത്ത ഇടങ്ങളിൽ പൊതുസ്ഥലത്ത് വെള്ളിയാഴ്‌ച പ്രാർഥന നടത്താൻ മുസ്ലിങ്ങൾക്ക് ഇതേ സർക്കാർ നൽകിയ അനുമതി മുഖ്യമന്ത്രി പിൻവലിച്ചെന്നും സിപിഎം പറയുന്നു.'പൊതുസ്ഥലങ്ങളിൽ നിസ്‌കരിക്കുന്ന ശീലം വച്ചുപൊറുപ്പിക്കാൻ കഴിയില്ല' എന്നതായിരുന്നു ഹരിയാന മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.

പൊതുസ്ഥലങ്ങളിൽ നിസ്‌കരിക്കുന്ന ശീലം വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ഹരിയാന മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. ഗുരുഗ്രാമിൽ തുറസായ സ്ഥലങ്ങളിൽ നിസ്‌കാരത്തിന് സർക്കാർ നൽകിയിരുന്ന അനുമതി പിൻവലിച്ചു. ആരാധനാലയങ്ങളിലാണ് പ്രാർഥിക്കേണ്ടത്. സർക്കാർ ഭൂമിയിൽ ഇതിന് അനുമതി നൽകില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി വിഷയം ചർച്ചചെയ്‌ത് പരിഹരിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ വീടിനുള്ളിലോ മസ്‌ജിദുകളിലോ മാത്രമേ നിസ്‌കരിക്കാവൂയെന്നും ഖട്ടർ പറഞ്ഞു. 2018ൽ വർഗീയസംഘർഷം ഉണ്ടായതിന് പിന്നാലെയാണ് നഗരത്തിലെ തുറസായ സ്ഥലങ്ങൾ നമസ്‌കാരത്തിനായി സർക്കാർ അനുവദിച്ചുനൽകിയത്. തുറസായ സ്ഥലങ്ങളിൽ നമസ്‌കരിക്കുന്നത് എതിർത്ത് തീവ്രഹിന്ദുത്വ സംഘങ്ങൾ കടന്നാക്രമണങ്ങൾ തുടരുന്നതിനിടെയാണ് ഖട്ടാറിന്റെ പ്രതികരണം. നിസ്‌കാരം തടയാൻ ബജ്‌റംഗദളുകാരടക്കം സംഘടിച്ചെത്തി സംഘർഷാവസ്ഥ സൃഷ്‌ടിച്ചിരുന്നു.

ഹരിയാന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടുള്ള സിപിഎം പി.ബിയുടെ പ്രതികരണം ഇങ്ങനെ...
'പൊതുസ്ഥലങ്ങളിൽ നിസ്‌കരിക്കുന്ന ശീലം വച്ചുപൊറുപ്പിക്കാൻ കഴിയില്ല' എന്ന ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പ്രസ്‌താവന അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്. എല്ലാ മതസ്തരും പൊതുസ്ഥലങ്ങളിൽ പ്രാർഥനകൾ നടത്താറുണ്ട്. മനോഹർ ലാൽ ഖട്ടറിന്റെ പ്രസ്‌താവന അംഗീകരിക്കാനാകില്ല. ഗുരുഗ്രാമിൽ പള്ളികൾ നിർമിക്കാൻ സാധിക്കാത്ത ഇടങ്ങളിൽ പൊതുസ്ഥലത്ത് വെള്ളിയാഴ്‌ച പ്രാർഥന നടത്താൻ മുസ്ലിങ്ങൾക്ക് ഇതേ സർക്കാർ നൽകിയ അനുമതി മുഖ്യമന്ത്രി പിൻവലിച്ചു.

അനുവദിച്ച സ്ഥലങ്ങളിൽ മുസ്ലിങ്ങൾ വെള്ളിയാഴ്‌ച പ്രാർഥന നടത്തുന്നത് മാസങ്ങളായി ബജ്‌റംഗദൾ പോലുള്ള സംഘടനകളിലെ പ്രവർത്തകർ തടയുന്നു. നീതി നിഷേധത്തിനു പൊലീസ് കൂട്ടുനിൽക്കുന്നു. അക്രമികൾ ശിക്ഷിക്കപ്പെടുമെന്നും സമാധാനപരമായി പ്രാർഥന നടക്കുമെന്നും ഉറപ്പുവരുത്തേണ്ടതിനുപകരം മുഖ്യമന്ത്രി രാജ്യത്തെ ഒരു വിഭാഗം പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണ്. ഹരിയാന സർക്കാർ ഈ തീരുമാനം പിൻവലിക്കണം. വെള്ളിയാഴ്‌ച പ്രാർഥനകൾ സമാധാനപരമായി നടത്താനുള്ള സാഹചര്യം സൃഷ്‌ടിക്കണം. പള്ളികൾ നിർമിക്കാനും വഖഫ് വസ്‌തുക്കളുടെ നിയന്ത്രണം നേടാനും മുസ്ലീം സമുദായത്തിന് അനുമതി നൽകണം.












Click it and Unblock the Notifications