കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കലാപം; 33 പേരെ ചുട്ടുകൊന്ന കേസിലെ കുറ്റവാളികള്‍ക്ക് ജാമ്യം, ഇനി സാമൂഹിക സേവനം

  • By Desk
Google Oneindia Malayalam News

ദില്ലി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ 33 ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ ജീവനോടെ കത്തിച്ച കേസിലെ കുറ്റവാളികള്‍ക്ക് സുപ്രീംകോടതി ജാമ്യം നല്‍കി. ഇവര്‍ക്ക് ആത്മീയ-സാമൂഹിക സേവനത്തിന് അവസരം ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഗുജറാത്ത് കലാപത്തിനിടെ വന്‍ ആക്രമണം നടന്ന സര്‍ദാര്‍പുര കൂട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കാണ് സുപ്രീംകോടതി ജാമ്യം നല്‍കിയിരിക്കുന്നത്.

കുറ്റവാളികളെ രണ്ടു ഗ്രൂപ്പാക്കി തിരിക്കും. ഒരു സംഘത്തെ മധ്യപ്രദേശിലെ ഇന്‍ഡോറിലേക്കും മറ്റൊരു സംഘത്തെ ജബല്‍പൂരിലേക്കും അയക്കാനും കോടതി നിര്‍ദേശിച്ചു. ഇവിടെ സാമൂഹിക സേവനത്തില്‍ പ്രതികള്‍ മുഴുകും. പ്രതികളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

പ്രതികളുടെ അപ്പീല്‍

പ്രതികളുടെ അപ്പീല്‍

സര്‍ദാര്‍പുര കൂട്ടക്കൊല കേസില്‍ 14 പേരുടെ ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചിരുന്നത്. ഇവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം നല്‍കിയിരിക്കുന്നത്. ജീവിത ചെലവിനുള്ള വഴി കണ്ടെത്താന്‍ കുറ്റവാളികള്‍ക്ക് അവസരം ഒരുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

ജാമ്യ കാലയളവില്‍ കുറ്റവാളികളുടെ പെരുമാറ്റവും സ്വഭാവവും സംബന്ധിച്ച നിരീക്ഷിച്ച് വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് കോടതി തുടര്‍നടപടികള്‍ സ്വീകരിക്കും. 2002 ഫെബ്രുവരി 28ന് രാത്രിയാണ് ഗുജറാത്തിലെ സര്‍ദാര്‍പുരയില്‍ കൂട്ടക്കൊല നടന്നത്.

 വര്‍ഗീയ കലാപം

വര്‍ഗീയ കലാപം

2002 ഫെബ്രുവരി 27ന് ഗോധ്ര റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വച്ച് സബര്‍മതി എക്‌സ്പ്രസിന് തീവച്ചതിന് തൊട്ടുപിന്നാലെയാണ് ഗുജറാത്തില്‍ വര്‍ഗീയ കലാപം ആളിപ്പടര്‍ന്നത്. അയോധ്യയില്‍ നിന്ന് വന്ന 59 കര്‍സേവകര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം സര്‍ദാര്‍പുരയിലെ 33 ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ കലാപകാരികള്‍ ചുട്ടുകൊല്ലുകയായിരുന്നു.

പ്രതികള്‍, ശിക്ഷ

പ്രതികള്‍, ശിക്ഷ

76 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വിചാരണക്കിടെ രണ്ടു പേര്‍ മരിച്ചു. ഒരു പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. 2009 ജൂണില്‍ 73 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. മെഹ്‌സാന ജില്ലയിലെ വിചാരണ കോടതി 42 പ്രതികളെ വെറുതെ വിട്ടു. 31 പേരെ ശിക്ഷിച്ചു.

ഹൈക്കോടതി ചെയ്തത്

ഹൈക്കോടതി ചെയ്തത്

വിചാരണ കോടതി വെറുതെ വിട്ട 42ല്‍ 31 പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. പക്ഷേ, പ്രതികളെ വെറുതെവിട്ട മെഹ്‌സാന ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ശിക്ഷിക്കപ്പെട്ട 31 പേരില്‍ 17 പേരെ ഹൈക്കോടതി വെറുതെവിടുകയും ചെയ്തു.

ശിക്ഷിക്കപ്പെട്ടത് 14 പേര്‍

ശിക്ഷിക്കപ്പെട്ടത് 14 പേര്‍

14 പേരുടെ ജീവപര്യന്തം ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ. സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്ന പ്രോസിക്യൂഷന്‍ വാദം വിചാരണ കോടതി തള്ളിയിരുന്നു. ഹൈക്കോടതിയും ഇത് ശരിവച്ചു.

ഗുജറാത്തില്‍ വരരുത്

ഗുജറാത്തില്‍ വരരുത്

കര്‍ശന ഉപാധികളോടെയാണ് സുപ്രീംകോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഗുജറാത്തില്‍ പ്രവേശിക്കാന്‍ പാടില്ല. സാമൂഹിക-ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പങ്കാളികളാകണം. ഇതിന് വേണ്ട സൗകര്യം അധികൃതര്‍ ഒരുക്കുകയും വേണമെന്നും കോടതി നിര്‍ദേശിച്ചു.

ഇനി മധ്യപ്രദേശില്‍

ഇനി മധ്യപ്രദേശില്‍

മധ്യപ്രദേശിലെ ജബല്‍പൂര്‍, ഇന്‍ഡോര്‍ ജില്ലാ ലീഗല്‍ അതോറിറ്റികളാണ് പ്രതികള്‍ക്ക് സൗകര്യം ഒരുക്കേണ്ടത്. ഇവരുടെ മേല്‍നോട്ടത്തിലാകും പ്രതികള്‍. ഗോധ്ര സംഭവത്തിന് ശേഷം മൂന്ന് ദിവസമാണ് ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ കലാപം നടന്നത്. ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

ഗൂഢാലോചനയില്ല

ഗൂഢാലോചനയില്ല

2002 ഫെബ്രുവരി 27നാണ് സബര്‍മതി എക്‌സ്പ്രസിന് തീവച്ചത്. തൊട്ടടുത്ത ദിവസമാണ് കൂട്ടക്കൊല നടന്നത്. ഇത് നേരത്തെ കലാപം ആസൂത്രണം ചെയ്തതിന് തെളിവാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പക്ഷേ, മതിയായ തെളിവില്ലെന്ന് വിചാരണ കോടതി കണ്ടെത്തി. ഹൈക്കോടതിയും ശരിവച്ചു.

അന്ന് രാത്രി നടന്നത്

അന്ന് രാത്രി നടന്നത്

മെഹ്‌സാന ജില്ലയിലെ സര്‍ദാര്‍പുരയില്‍ രാത്രിയാണ് അക്രമികള്‍ കൂട്ടക്കൊല നടത്തിയത്. ഗുജറാത്ത് കലാപത്തിനിടെ നടന്ന ഒമ്പത് പ്രധാന കേസുകളില്‍ ഒന്നാണ് സര്‍ദാര്‍പുരയിലേത്. ന്യൂനപക്ഷ സമുദായം താമസിക്കുന്ന പ്രദേശം അക്രമികള്‍ വളഞ്ഞ ശേഷമാണ് കൂട്ടക്കൊല നടത്തിയത്.

അഭയം തേടിയ വീട്ടിലെത്തി

അഭയം തേടിയ വീട്ടിലെത്തി

അക്രമികള്‍ വരുന്നത് അറിഞ്ഞ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ പ്രദേശത്തെ പ്രമുഖനായ ഇബ്രാഹീം ശൈഖ് എന്നയാളുടെ വീട്ടില്‍ അഭയം തേടി. എന്നാല്‍ ഈ വീട്ടിലെത്തിയാണ് അക്രമികള്‍ പെട്രോള്‍, പാചകവാതക സിലിണ്ടര്‍ എന്നിവ ഉപയോഗിച്ച് കത്തിച്ചത്. 22 സ്ത്രീകള്‍ ഉള്‍പ്പെടെ 33 പേരെ ചുട്ടെരിച്ച നിലയില്‍ പിന്നീട് കണ്ടെത്തി. നരേന്ദ്ര മോദിയായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രി.

English summary
Convicts in Gujarat riots case granted bail: SC directs them to carry out social work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X