കുമാരി ഷെല്‍ജയുടെ വീട്ടിലെ കൊലപാതകം; പ്രതി അറസ്റ്റില്‍
ദില്ലി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രസാമൂഹ്യനീതി ശാക്തീകരണവകുപ്പ് മന്ത്രിയുമായ കുമാരി ഷെല്‍ജയുടെ വീട്ടില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഷെല്‍ജയുടെ വീട്ടിലെ പാചകക്കാരന്‍ അനിലാണ് വീട്ടുജോലിക്കാരുടെ ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഷെല്‍ജയുടെ വീട്ടുജോലിക്കാരി മഞ്ജുവിന്റെ ഭര്‍ത്താവ് സഞ്ജയെ വേലക്കാരുടെ ക്വാര്‍ട്ടേഴ്‌സിനരികെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു സഞ്ജയ്. കല്ലുകൊണ്ടുള്ള അടിയോ കമ്പികൊണ്ടുള്ള അടിയോ കാരണമാകാം തലയില്‍ മാരകമായ മുറിവേറ്റതെന്ന് പോലീസ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ വെച്ചു നടന്ന കൊലപാതകമായതുകൊണ്ടുതന്നെ ഒട്ടേറെ ദുരൂഹതകളും ആദ്യദിവസങ്ങളില്‍ മരണവുമായി ചുറ്റിപ്പറ്റിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. വേലക്കാരികളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
പ്രതി അനിലും സഞ്ജയും തമ്മില്‍ ക്വാര്‍ട്ടേഴ്‌സുമായി ബന്ധപ്പെട്ട വിഷയത്തില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് മഞ്ജുവിന്റെ സഹോദരി രാഖി പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് അനിലിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. അനിലിന്റെ മുഖത്ത് പിടിവലിക്കിടെ മുറിവുണ്ടായതായി കണ്ടെത്തി. കൊലപാതക സമയത്ത് അനില്‍ ധരിച്ചിരുന്ന വസ്ത്രവും പോലീസ് കണ്ടെത്തി. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications