100 രൂപ കൈക്കൂലി നല്‍കിയില്ല... 2 യുവാക്കളെ പോലീസ് തല്ലിക്കൊന്ന് കുളത്തിലിട്ടു!
ആഗ്ര: കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണ് എന്നാണ് നിയമം പറയുന്നത്. എന്നാല്‍ കൈക്കൂലി കൊടുക്കാതെ രാജ്യത്ത് പല കാര്യങ്ങളും നടക്കില്ല എന്നത് വേറെ കാര്യം. കൈക്കൂലി കൊടുക്കുന്നവരും കൊടുക്കാന്‍ മടിക്കുന്നവരും ഉണ്ട്. കൈക്കൂലി കൊടുക്കാന്‍ തയ്യറാകാത്തതിന് രണ്ട് പേരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി എന്ന് പറഞ്ഞാലോ.. അതും നാട്ടില്‍ നിയമം സംരക്ഷിക്കേണ്ട പോലീസുകാര്‍ തന്നെ.
ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് ലജ്ജാകരമായ ഈ സംഭവം നടന്നത്. മെയിന്‍പുരി ജില്ലയിലെ ഒരു ചെക് പോസ്്റ്റില്‍ വെച്ചായിരുന്നു സംഭവം. ദിലീപ് യാദവ് (22), പങ്കജ് യാദവ് (24) എന്നീ യുവാക്കളാണ് മരിച്ചത്. ആദ്യമൊന്നും പോലീസ് ഇങ്ങനെ ഒരു സംഭവം നടന്ന കാര്യം സമ്മതിക്കാന്‍ തയ്യാറായില്ല. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചു എന്നായിരുന്നു വിശദീകരണം.

എന്നാല്‍ മുങ്ങിമരിച്ചവരുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ എങ്ങനെ വന്നു എന്ന ചോദ്യം ഉയര്‍ന്നതോടെ പോലീസ് സത്യാവസ്ഥ വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് ഹോം ഗാര്‍ഡുമാര്‍ക്കും എതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു. ഖിരോര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കോസ്മയിലെ ചെക് പോസ്റ്റില്‍ വെച്ചാണ് യുവാക്കള്‍ കൊല്ലപ്പെട്ടത്.
തങ്ങള്‍ ചുടുകട്ടയുമായി ഒരു ട്രക്കില്‍ ചെക് പോസ്റ്റ് കടക്കുന്നതിനിടെ പോലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു എന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുവായ അവിനാശ് നല്‍കിയ പരാതിയില്‍ പറയുന്നത്. ട്രക്ക് കടത്തിവിടാന്‍ 100 രൂപ കൈക്കൂലി വേണം എന്നായിരുന്നു പോലീസിന്റെ ആവശ്യം. ഇത് സമ്മതിക്കാതായതോടെയാണ് പോലീസ് ഉദ്യാഗസ്ഥര്‍ യുവാക്കളെ മര്‍ദ്ദിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നത്രെ.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications