കൊറോണ വൈറസ് ബാധയെന്ന് സംശയം; രാജസ്ഥാനില്‍ ഒരാള്‍ നിരീക്ഷണത്തില്‍
ജയ്പ്പൂര്‍: കൊറോണ വൈറസ് ബാധിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരാള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി രഘു ശര്‍മ്മ. ചൈനയില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയ ഡോക്ടറെയാണ് എസ്എംഎസ് ആശുപത്രിയില്‍ നിരീക്ഷണ വിധേയമായി പ്രവേശിപ്പിച്ചത്. ഇതോടൊപ്പം രോഗിയുടെ കുടുംബാംഗങ്ങളെയും പരിശോധിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗിയുടെ രക്ത സാമ്പിള്‍ പൂനെയിലെ ദേശീയ വൈറോളജി ലാബോറട്ടറിയിലേക്ക് അയച്ചതായി മന്ത്രി ഔദ്യോഗികമായി അറിയിച്ചു.
ഇരകൾ കുറ്റക്കാരായി: പോലീസ് ക്രൂരതയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ!!
സംസ്ഥാനത്തെ നാല് ജില്ലകളിലെ 18 പേര് ചൈനയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇവരെ 28 ദിവസത്തേക്ക് നിരീക്ഷണ വിധേയമാക്കാന്‍ ബന്ധപ്പെട്ട ജില്ലാ മേധാവികള്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ടെര്‍മിനലുകളില്‍ സ്ക്രീനിംഗ് സൗകര്യം ലഭ്യമാക്കണമെന്നും ശര്‍മ കേന്ദ്ര ആരോഗ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം ചൈനയില്‍ നിന്നും മുംബൈയിലേക്കെത്തിയ രണ്ട് പേര് കസ്തൂര്‍ബ ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ രക്തസാമ്പിളുകളും പരിശോധനയക്കായി അയച്ചിരിക്കുകയാണ്. ചൈനയില്‍ നിന്നെത്തിയ 1,739 പേരെയാണ് കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ യാത്രക്കാരില്‍ 6 പേര് കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നുമായിരുന്നു വന്നത്. ഇവരില്‍ മൂന്ന് പേര് മുംബൈയില്‍ താമസിക്കുന്നവരും മൂന്ന് പേര് പൂനെയില്‍ താമസിക്കുന്നവരുമാണ്. ഇവരില്‍ രണ്ടുപേര്‍ക്ക് ചെറിയ ചുമയും ജലദോഷവും ഉണ്ട്. ഇതേതുടര്‍ന്നാണ് ഇരുവരെയും പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊറോണ വൈറസ് ബാധയെത്തുടർന്ന് 80 പേർ മരിച്ചതായാണ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് ഓഫ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് ജനുവരി 17 മുതല്‍ മുംബൈ, ദില്ലി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനായി തെര്‍മല്‍ സ്കാനറുകള്‍ സ്ഥാപിച്ചത്. ചുമ, ജലദോഷം, ന്യുമോണിയ, പനി എന്നിവയുള്ള യാത്രക്കാരെയാണ് സ്കാനര്‍ വഴി പരിശോധിക്കുന്നത്.