കൊറോണ വൈറസ്; വുഹാനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികളെ സഹായിക്കാൻ തയ്യാറാണെന്ന് ഇന്ത്യ
ദില്ലി: മാരകമായ കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന ചൈനയിലെ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന പാകിസ്താനി വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ സഹായിക്കാൻ തയ്യാറാണെന്ന് ഇന്ത്യ. പാകിസ്താൻ സർക്കാർ ഇക്കാര്യം ആവശ്യപ്പെടുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.
വുഹാനിലുള്ള പാകിസ്താനി വിദ്യാർത്ഥികൾ ഇന്ത്യയുടെ സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇക്കാര്യം പറഞ്ഞത്. ചൈനയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ എയർ ലിഫ്റ്റ് ചെയ്യില്ലെന്ന് നേരത്തെ പാകിസ്താൻ വ്യക്തമാക്കിയിരുന്നു. നൂറ് കണക്കിന് പാക് വിദ്യാാർത്ഥികൾ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വിശാല താൽപര്യം പരിഗണിച്ച് വുഹാനിലുള്ളവരെ ഒഴിപ്പിക്കുന്നില്ലെന്നാണ് പാകിസ്താൻ വിശദീകരിച്ചത്.

ഇതിനിടെ ചൈനയിൽ 21 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. കുമിങ് വിമാനത്താവളത്തിലാണ് വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നത്. ഡാലിയാൻ സർവ്വകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികളാണ് ഇവർ.
ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി. 8000ത്തോളം പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 3694 പേർക്കാണ് പുതിയതായി കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറമെ ഫിലിപ്പിൻസിലും ഹോങ്കോങ്കിലും ഓരോ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications