'ദൈനം ദിന ആവശ്യങ്ങള്‍ക്കായ് ജോലി ചെയ്യുന്നവരാണ് 95 ശതമാനം പേരും; അവരെ സംരക്ഷിക്കണം'
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തുമായി മക്കള്‍ നീതി മയ്യം. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യ നിര്‍മ്മിതിക്കും സാമ്പത്തികാടിത്തറയ്ക്ക് ശക്തിപകരുന്നതുമായ സാധാരണക്കാരായ തൊഴിലാളികളെ സര്‍ക്കാര്‍ കാണാതെ പോകരുന്നെന്നാണ് കത്തില്‍ പ്രധാനമായും പറയുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ ഹാസനാണ് കത്തെഴുതിയത്.
രാജ്യത്ത് ഇതുവരേയും 500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണ സംഖ്യ 10 ആയി. ഇറ്റലിയില്‍ നിന്നെത്തിയ കൊല്‍ക്കത്ത സ്വദേശി തിങ്കളാഴ്ച്ച മരണപ്പെട്ടതോടെയാ്ണ് മരണസംഖ്യ പത്തായി ഉയര്‍ന്നത്. ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറോണ ബാധിച്ചിട്ടുള്ളത്. മരണസംഖ്യയും ഇവിടെ തന്നെയാണ് കൂടുതല്‍. രാജ്യത്താവകമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് തുറന്ന കത്തുമായി കമല്‍ ഹാസന് രംഗത്തെത്തുന്നത്. കത്തിന്റെ വിശദാംശങ്ങളിലേക്ക്...

അഭിനന്ദനങ്ങള്‍
രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട പൗരന് എന്ന നിലയിലാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. കൊറോണ വൈറസ് രോഗം മനുഷ്യരാശിയെ പിടികൂടിയിരിക്കുകയാണ്. ഈ സമയം അശ്രാന്തമായി പരിശ്രമിക്കുന്ന ആരോഗ്യ വിദഗ്ധരേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ഞാന്‍ അഭിനന്ദിക്കുകയാണ്. അവര്‍ സ്വന്തം ജീവന് പോലും ശ്രദ്ധിക്കാതെയാണ് മറ്റുള്ളവര്‍ക്ക് വേണ്ടി പരിശ്രമിക്കുന്നത്. വൈറസിനെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരും അതത് സംസ്ഥാന സര്‍ക്കാരുകളും ശ്രമിക്കുകയാണ്.

നടപടികള്‍ സ്വാഗതാര്‍ഹം
വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് നമ്മള് ഇപ്പോഴും കൊറോണ വൈറസ് രോഗത്തിന്റെ രണ്ടാം ഘട്ടത്തിലാണെന്നാണ്. മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും സ്വാഗതാര്‍ഹമാണ്. നിലവിലെ സാഹചര്യത്തിന്റെ ഗൗരവം ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. അതിനാല്‍ ഈ സാഹചര്യത്തേയും നമ്മള് മറികടക്കുമെന്ന് ഉറപ്പുണ്ട്.

തൊഴിലാളികള്‍
ദൈനം ദിന ആവശ്യങ്ങള്‍ക്കായി ജോലി ചെയ്യുന്നവരാണ് ഇന്ത്യയിലെ 90 ശതമാനം ആളുകളും. ഔപചാരികമായ ജോലി ചെയ്യുന്നവരാണെങ്കിലും അവരാരും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ ലഭിക്കുന്നവരല്ല. 95 ശതമാനത്തോളം വരും അത്തരക്കാര്‍. അതില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ വരും കൃഷിക്കാരും സാധാരണ ജോലികള്‍ ചെയ്യുന്നവരും മത്സ്യതൊഴിലാളികളും ഉള്‍പ്പെടും.

വരുമാന നഷ്ടം
നമ്മുടെ രാജ്യത്തെ നിര്‍മ്മിക്കുന്നവരും സാമ്പത്തികാടിത്തറക്ക് ശക്തി പകരുന്നവരുമായ കൊട്ടിഘോഷിക്കപ്പെടാത്ത യഥാര്‍ത്ഥ നായകരായ ഇവരെ സര്‍ക്കാര്‍ കാണാതെ പോകരുതെന്ന ആവശ്യമാണ് ഈ കത്തിലൂടെ ഉന്നയിക്കുന്നത്.
നമ്മുടെ തൊഴിലാളികള്‍ക്ക് വരുമാനം നഷ്ടമാകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഈ ദുരിതത്തെ പിടിച്ചുകെട്ടാന്‍ അവര്‍ക്ക് നേരിട്ട് പണം എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മനുഷ്യ ജീവന് അപകടത്തിലാണെങ്കില്‍ അത് തിരിച്ചു പിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.