കൊറോണ വൈറസ്: എപ്പോള്‍ ധരിക്കണം മാസ്‌ക്... എങ്ങനെ ധരിക്കണം മാസ്‌ക്?
ദില്ലി: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗവും സോഷ്യല്‍ ഡിസ്റ്റന്‍സിങും വ്യക്തി ശുചിത്വവും ആണ്. അതോടൊപ്പം രോഗികളുമായി ഇടപെടുന്നവരും രോഗം പടരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സന്ദര്‍ശിക്കുന്നവരും മാസ്‌കുകള്‍ ധരിക്കണം. അതിനര്‍ത്ഥം, എല്ലാവരും മാസ്‌ക് ധരിക്കണം എന്നല്ല.
ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സാധാരണ വ്യക്തികള്‍ മാസ്‌ക് ധരിക്കേണ്ടതുള്ളൂ. എന്നാല്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോ, സംശയിക്കുന്നതോ ആയ വ്യക്തികളെ പരിചരിക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. നിങ്ങള്‍ ആരോഗ്യപ്രവര്‍ത്തകന്‍/പ്രവര്‍ത്തക ആണോ? നിങ്ങള്‍ ശ്വസനേന്ദ്രിയ പ്രശ്‌നങ്ങള്‍ ഉള്ള രോഗികളുമായി ബന്ധപ്പെടുന്നുണ്ടോ? അങ്ങനെയെങ്കില്‍ തീര്‍ച്ചയായും മാസ്‌ക് ധരിക്കണം.
മാസ്‌ക് ധരിക്കുന്നതിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

1. ആദ്യം മാസ്‌കിന്റെ ഞൊറികള്‍ വേര്‍പെടുത്തുക. ഞൊറികള്‍ താഴേക്ക് തന്നെയാണ് നില്‍ക്കുന്നത് എന്ന് ഉറപ്പാക്കുക.
2. മൂക്കും വായയും താടിയും മൂടത്തക്കവിധത്തില്‍ വേണം മാസ്‌ക് ധരിക്കാന്‍. മാസ്‌കിന്റെ രണ്ട് വശങ്ങളിലും വിടവില്ലെന്ന് ഉറപ്പാക്കണം.
3. മാസ്‌ക് ഉപയോഗിക്കുമ്പോള്‍ അത് കൈകൊണ്ട് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
4. ആവശ്യമുണ്ട് എന്ന് തോന്നുമ്പോള്‍ മാത്രം മാസ്‌ക് മുഖത്തിടുക, അല്ലാത്തപ്പോള്‍ കഴുത്തില്‍ തൂക്കിയിടുക എന്ന രീതി ഒരിക്കലും അവലംബിക്കരുത്. മാസ്‌ക് ഉപയോഗിക്കുമ്പോള്‍ എപ്പോഴും വായയും മൂക്കും താടിയും മറയ്ക്കത്തക വിധത്തില്‍ തന്നെ സൂക്ഷിക്കുക.
5. ഓരോ 6 മുതല്‍ 8 മണിക്കൂറില്‍ മാസ്‌ക് മാറ്റുക. വായും മൂക്കും മറയ്ക്കുന്നതിനാല്‍ മാസ്‌ക് എളുപ്പത്തില്‍ നനയും. നനഞ്ഞ മാസ്‌ക് ഉപയോഗിക്കാതിരിക്കുക.
6. ഡിസ്‌പോസിബിള്‍ മാസ്‌കുകള്‍ ഒരിക്കലും പുനരുപയോഗിക്കരുത്. ഉപയോഗിച്ച മാസ്‌കുകള്‍ അണുനാശംവരുത്തിയതിന് ശേഷം അടപ്പുള്ള ചവറ്റുതൊട്ടിയില്‍ നിക്ഷേപിക്കുക.
7. മാസ്‌ക് നീക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും അതിന്റെ പുറംഭാഗത്ത് സ്പര്‍ശിക്കരുത്. രോഗാണുക്കള്‍ ഏറ്റവും അധികം ഉണ്ടാകാന്‍ സാധ്യതയുള്ള ഭാഗം ആണിത്.
8. മാസ്‌ക് നീക്കിയതിന് ശേഷം നിങ്ങളുടെ കൈകള്‍ വൃത്തിയായി കഴുകണം. ഇതിന് സോപ്പോ, ആല്‍ക്കഹോല്‍ അടിസ്ഥാനമാക്കിയ ഹാന്‍ഡ് റബ്ബുകളോ ഉപയോഗിക്കാം.
Recommended Video
കൊറോണ വൈറസ് ബാധയെ നേരിടാനുള്ള ഏറ്റവും വലിയ മാര്‍ഗ്ഗം പ്രതിരോധം തന്നെയാണ്. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവ നിര്‍ബന്ധമാണ്. കൊറോണ വൈറസ് സംബന്ധിച്ച സംശയങ്ങൾക്ക് ദേശീയ തലത്തില്‍ 1075 എന്ന ട്രോള്‍ ഫ്രീ നമ്പറിലോ 011-23978046 എന്ന നമ്പറിലോ ബന്ധപ്പെടാം. [email protected] എന്ന ഇമെയില്‍ വിലാസത്തിലും സഹായം തേടാം. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ദിശ നമ്പറില്‍ നിന്നോ(0471 2552056), കേരളത്തിലെ കൊറോണ വൈറസ് കോള്‍സെന്റര്‍ നമ്പറുകളിൽ( 0471-2309250, 0471-2309251, 0471-2309252, 0471-2309253, 0471-2309254, 0471-2309255) നിന്നോ സഹായം തേടാം.












Click it and Unblock the Notifications