എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ 'ജുഡീഷ്യറിയിലെ അഴിമതി': കേസെടുത്ത് ചീഫ് ജസ്റ്റിസ്, ഒടുവില്‍
എന്‍സിഇആര്‍ടി എട്ടാം ക്ലാസ് സാമൂഹ്യ പാഠപുസ്തകത്തില്‍ നിന്ന് ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള ഭാഗം പിന്‍വലിച്ചു. ജുഡീഷ്യറിയെ മോശമാക്കി മോശമാക്കി ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്നും സ്വമേധയാ കേസെടുക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണിത്. തിങ്കളാഴ്ച പുറത്തിറക്കിയ എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്' പാര്‍ട്ട് 2 പുസ്തകത്തിലാണ് ജുഡീഷ്യറിയിലെ അഴിമതിയെന്ന പാഠഭാഗം ഉള്‍പ്പെട്ടത്.
2017 നും 2021 നും ഇടയില്‍ ജഡ്ജിമാര്‍ക്കെതിരേ 1600ലധികം പരാതികള്‍ ലഭിച്ചുവെന്നു പാഠഭാഗത്തില്‍ പറയുന്നു. ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കി പാര്‍ലമെന്റിന് നടപടിയെടുക്കാനും ഒരു ജഡ്ജിയെ നീക്കം ചെയ്യാനും കഴിയും. ആ സമയത്ത് ജഡ്ജിക്ക് സ്വന്തം ഭാഗം അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നു. ജുഡീഷ്യറിയുടെ വിവിധ തലങ്ങളില്‍ അഴിമതിയുണ്ടെന്ന് ജനങ്ങള്‍ കരുതുന്നു. ദരിദ്രര്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും നീതി ലഭ്യമാക്കുന്നതിനുള്ള സാധ്യത ഇത് കുറയ്ക്കുമെന്നും പാഠഭാഗത്തില്‍ പറയുന്നു.

പഴയ പുസ്തകത്തില്‍ ജുഡീഷ്യറിയെക്കുറിച്ചും ഒരു സ്വതന്ത്ര ജുഡീഷ്യറി എന്താണെന്നും കോടതികളുടെ ഘടനയും പറയുന്നുണ്ടെങ്കിലും അഴിമതിയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. പാഠഭാഗത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് സിങ്‌വി എന്നിവര്‍ ഇത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെ വിഷയം തങ്ങള്‍ക്കറിയാമെന്ന് വ്യക്തമാക്കിയ ബെഞ്ച് ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
ശക്തമായ നിലപാടുമായി ചീഫ് ജസ്റ്റിസ്
ജുഡീഷ്യറിയെ അവമതിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഇത്തരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പഠിപ്പിക്കുന്നത് ജുഡീഷ്യറിയുടെ ഭാഗമായി നില്‍ക്കുന്ന തങ്ങളെ വളരെയധികം അസ്വസ്ഥരാക്കുന്നുണ്ടെന്ന് സിബല്‍ പറഞ്ഞു.
ഈ വിഷയത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി ഫോണ്‍ കോളുകളും സന്ദേശങ്ങളും ലഭിച്ചതായും ചീഫ് ജസ്റ്റിസ് പറഞ്ഞു. പുസ്തകത്തിന്റെ ഉള്ളടക്കം പല ജഡ്ജിമാരെയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതി സ്വമേധയാ ഈ വിഷയത്തില്‍ നോട്ടീസ് നല്‍കണമെന്ന് സിബല്‍ ആവശ്യപ്പെട്ടെങ്കിലും ഒരു ദിവസം കാത്തിരിക്കൂവെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
തുടര്‍ന്ന് സ്വമേധയാ കേസെടുക്കുകയാണെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് നിയമം അതിന്റെ വഴിക്ക് പോകുമെന്നും പറഞ്ഞു. ഉദ്യോഗസ്ഥര്‍, രാഷ്ട്രീയം, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ അഴിമതിയെക്കുറിച്ച് ഒരു വാക്കുപോലും പുസ്തകത്തിലില്ലെന്നും അഭിഷേക് സിങ് വി പറഞ്ഞു. തങ്ങള്‍ കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും താന്‍ കടമ നിര്‍വഹിച്ചുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.












Click it and Unblock the Notifications