കാര്‍ട്ടോസാറ്റ് 3 വിക്ഷേപണത്തിനുള്ള 26 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചു: ഐഎസ്ആർ നിർണായക ദൌത്യത്തിന്
ബംഗളൂരു: ഇന്ത്യയുടെ കാര്‍ട്ടോഗ്രാഫി സാറ്റലൈറ്റായ കാര്‍ട്ടോസാറ്റ് 3 വിക്ഷേപണത്തിനുള്ള 26 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചതായി ഐഎസ്ആര്‍ഒ. നവംബര്‍ 27ന് രാവിലെ 9.28ന് പിഎസ്എല്‍വി-സി 47 വിക്ഷേപണ വാഹനത്തില്‍ പര്യടനം ആരംഭിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വാഹനം യാത്ര ആരംഭിക്കുക. യുഎസിന്റെ പതിമൂന്ന് ചെറിയ ഉപഗ്രഹങ്ങളും സെക്കന്ററി പേലോഡുകളായി ഈ ലോഞ്ചറിലുണ്ടാകും.
ഉയര്‍ന്ന റെസല്യൂഷനില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള മൂന്നാം തലമുറയിലെ പുതിയ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് -3. 509 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ 97.5 ഡിഗ്രി ചെരിവിലാണ് ഉപഗ്രഹം സ്ഥാപിക്കുക. ബഹിരാകാശ വകുപ്പിന് കീഴില്‍ അടുത്തിടെ ആരംഭിച്ച പുതിയ കമ്പനിയായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള (എന്‍എസ്‌ഐഎല്‍) വാണിജ്യ ഉടമ്പടിയുടെ ഭാഗമായാണ് യുഎസില്‍ നിന്നുള്ള 13 നാനോ സാറ്റലൈറ്റുകളെന്ന് ഇസ്‌റോ പറയുന്നു.

റോക്കറ്റ് കുതിച്ചുയര്‍ന്ന് ഏകദേശം 17 മിനിറ്റ് കഴിഞ്ഞാല്‍ കാര്‍ട്ടോസാറ്റ് -3 ഭ്രമണപഥത്തില്‍ വിന്യസിക്കും. അഞ്ച് വര്‍ഷമാണ് കാര്‍ട്ടോസാറ്റിന് ബഹിരാകാശത്ത് കാലാവധി. നഗര വികസനം, ഗ്രാമീണ വിഭവ- അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി തുടങ്ങിയ മേഖലകള്‍ക്ക് വേണ്ട ചിത്രങ്ങള്‍ കാര്‍ട്ടോസാറ്റ് -3 കൊടുക്കും.












Click it and Unblock the Notifications