വെള്ളി വാങ്ങാൻ പോകുന്നവർ ജാഗ്രതൈ! വിപണിയിൽ വ്യാജന്മാരുടെ വിളയാട്ടം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ആഗോള വിപണിയിലെ മാറ്റത്തിനൊപ്പം ഇന്ത്യയിലും വെള്ളി വില കുതിച്ചുയരുകയാണ്. എന്നാൽ ഇതേ വെള്ളി വില വർദ്ധനവിനെ മറയാക്കി രാജ്യത്തെ റീട്ടെയിൽ വിപണികളിൽ വ്യാജ വെള്ളി ബാറുകളും നാണയങ്ങളും വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിക്ഷേപകർക്കിടയിൽ വെള്ളിയോടുള്ള താല്പര്യം വർദ്ധിച്ചതോടെയാണ് ശുദ്ധി കുറഞ്ഞതും നിരോധിത ലോഹങ്ങൾ അടങ്ങിയതുമായ വെള്ളി ഉൽപ്പന്നങ്ങൾ വിപണിയിൽ സജീവമായത്. പ്രമുഖ റിഫൈനർമാരുടെ കൂട്ടായ്മയായ 'പ്രെഷ്യസ് മെറ്റൽസ് റിഫൈനറീസ് ഫോറം'ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന് (BIS) നൽകിയ പരാതിയിലാണ് വിപണിയിലെ ഈ ഗുരുതരമായ സുരക്ഷാ വീഴ്ചയും ശുദ്ധി കുറവും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
എന്തുകൊണ്ടാണ് വ്യാജന്മാർ പെരുകുന്നത്?
കഴിഞ്ഞ കുറച്ചു കാലങ്ങളായി വെള്ളിയുടെ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വളരെ ചുരുങ്ങിയ മാസങ്ങൾ കൊണ്ട് വിലയിലുണ്ടായ ഈ കുതിച്ചുചാട്ടം തന്നെയാണ് വ്യാജന്മാരെ ആകർഷിച്ച പ്രധാന ഘടകം. സ്ക്രാപ്പ് വെള്ളി (പഴയ പാത്രങ്ങൾ, ആഭരണങ്ങൾ എന്നിവ) കൃത്യമായ രീതിയിൽ റിഫൈൻ ചെയ്യാതെ പുതിയ ആഭരണങ്ങളും ബാറുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. ആവശ്യമായ തിളക്കവും ഭാരവും നിലനിർത്താൻ ഇതിലേക്ക് ശുദ്ധി കുറഞ്ഞ മറ്റ് ലോഹങ്ങൾ ചേർത്താണ് വിപണിയിൽ എത്തിക്കുന്നത്. നടത്തിയ പഠനങ്ങൾ അനുസരിച്ച് വിപണിയിൽ ലഭ്യമാകുന്ന ഭൂരിഭാഗം വെള്ളി ഉൽപ്പന്നങ്ങളിലും നിക്കൽ, കാഡ്മിയം, ലെഡ് എന്നിങ്ങനെ ശരീരത്തിന് ഹാനികരമായ ലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

റിഫൈൻ ചെയ്യാത്ത സ്ക്രാപ്പ് വെള്ളിയിൽ അടങ്ങിയിരിക്കുന്ന ഇത്തരം രാസവസ്തുക്കൾ മാറ്റാതെയാണ് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. ഇത് വിപണിയിലെ ഗുണനിലവാര തകർച്ചയ്ക്ക് പുറമെ ഉപഭോക്താക്കളുടെ ആരോഗ്യത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇന്ത്യയിൽ വിൽക്കപ്പെടുന്ന വെള്ളിയുടെ 50 ശതമാനത്തിലധികം നിലവിളക്കുകൾ, പൂജാ സാമഗ്രികൾ, വിഗ്രഹങ്ങൾ, പാത്രങ്ങൾ എന്നിവയുടെ രൂപത്തിലാണ്. പഠനങ്ങൾ പ്രകാരം ഭക്തർ ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്ന 'ശുദ്ധമായ' വെള്ളി വഴിപാടുകളിൽ പോലും വലിയ തോതിൽ ഗുണനിലവാരമില്ലായ്മയും ലോഹക്കൂട്ടുകളും കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാർ വഴിപാടുകൾക്കായും പൂജകൾക്കായും വാങ്ങുന്ന ഉൽപ്പന്നങ്ങളിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായി നടക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്
ഇന്ത്യയിലെ വാർഷിക വെള്ളി ഉപഭോഗം ഏകദേശം 7,000 ടൺ ആണ്. എന്നാൽ ഈ ഭീമമായ അളവിനെ പരിശോധിക്കാൻ രാജ്യത്തുടനീളമുള്ളത് വെറും 286 ബി.ഐ.എസ് ഹാൾമാർക്കിങ് കേന്ദ്രങ്ങൾ മാത്രമാണ്. ഇതേസമയം വെറും 800-850 ടൺ മാത്രം വാർഷിക ഉപഭോഗമുള്ള സ്വർണ്ണത്തിന് രാജ്യത്ത് 1,595 പരിശോധനാ കേന്ദ്രങ്ങളുണ്ട്. ഈ വലിയ വിടവ് തന്നെയാണ് വെള്ളി വിപണിയിൽ കൃത്രിമം കാണിക്കാൻ വ്യാജന്മാർക്ക് വഴിതുറക്കുന്നത്.
വ്യാജ വെള്ളി തട്ടിപ്പിൽ വീഴാതിരിക്കാൻ ഇവ ശ്രദ്ധിക്കുക
*ബി.ഐ.എസ് ഹാൾമാർക്ക്: വെള്ളി ബാറുകളിലും നാണയങ്ങളിലും 999 എന്ന ബി.ഐ.എസ് ഹാൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പാക്കുക.
*കാന്തം ഉപയോഗിച്ചുള്ള പരിശോധന: വെള്ളി കാന്തിക ലോഹമല്ല. കാന്തം വെള്ളിയിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെങ്കിൽ അതിൽ നിക്കലോ ഇരുമ്പോ അടങ്ങിയിട്ടുണ്ട്.
*ഐസ് ടെസ്റ്റ്: വെള്ളിക്ക് മുകളിൽ ഐസ് കട്ട വെച്ചാൽ അത് സാധാരണയേക്കാൾ വളരെ വേഗത്തിൽ ഉരുകിത്തീരും.
*കൃത്യമായ ബില്ല്: വിശ്വസനീയമായ ജ്വല്ലറികളിൽ നിന്ന് മാത്രം വെള്ളി വാങ്ങുക. ബില്ലിൽ ഭാരവും പ്യൂരിറ്റിയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.












Click it and Unblock the Notifications