ആശാറാം ബാപ്പു ഉള്ളില്‍ തന്നെ; പുറത്തുവിടില്ലെന്ന് കോടതി
ജോധ്പൂര്‍: ലൈംഗിക പീഡനക്കേസില്‍ അഴികള്‍ക്കുള്ളില്‍ കിടക്കുന്ന ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്. ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത ആശാറാം 2013 മുതല്‍ ജയിലിനകത്താണ്.
ആശാറാം ബാപ്പു പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം ജഡ്ജി മനോജ് കുമാര്‍ വ്യാസ് ശരിവെച്ചു. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായത്. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള കേസ് അത്യന്തം ഗുരുതരമാണെന്നും പ്രതി പുറത്തിറങ്ങിയാല്‍ അത് കേസിനെ സാരമായി ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു.

ഇന്‍ഡോറില്‍ നിന്നും 2013 സപ്തംബറില്‍ അറസ്റ്റിലായ ആശാറാം ബാപ്പു സപ്തംബര്‍ 2013 മുതല്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. ജോധ്പൂര്‍ ആശ്രമത്തില്‍ വെച്ച് ആശാറാം തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന പതിനാറുകാരിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നേരത്തെ ആശാറാം ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. കേസില്‍ സാക്ഷികളായവര്‍ കൊല്ലപ്പെടുകയും ചിലര്‍ക്കെതിരെ വധശ്രമം ഉണ്ടാവുകയും ചെയ്തത് കോടതി ഗൗരവപൂര്‍വം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. ആശാറാമിന്റെ മകനും മറ്റൊരു ബലാത്സംഗ പരാതിയില്‍ പോലീസ് പിടിയിലായിരുന്നു.












Click it and Unblock the Notifications