കൊവിഡ് ജാഗ്രതയില്‍ വീണ്ടും രാജ്യം; കോട്ടയത്തും വയനാട്ടിലും കേസുകള്‍ ഉയരുന്നു, പട്ടിക പുറത്ത്
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിക്കുന്നു. സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ജില്ലകളുടെ എണ്ണം വര്‍ദ്ധിച്ചു. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 32 ആയാണ് വര്‍ദ്ധിച്ചത്. അതായത് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരട്ടി വര്‍ദ്ധനവ്. രണ്ടാഴ്ച മുമ്പ്, അഞ്ച് സംസ്ഥാനങ്ങളിലെ ഒമ്പത് ജില്ലകളില്‍ കുറഞ്ഞത് 10 ശതമാനം ടി പി ആര്‍ രേഖപ്പെടുത്തിയിരുന്നു.
കൊവിഡ് കേസുകളുടെ വര്‍ദ്ധനവാണ് ഈ ഡാറ്റയില്‍ നിന്നും വ്യക്തമാകുന്നത്. മാര്‍ച്ച് 19- 25 ദിവസങ്ങളിലെ ആഴ്ചയില്‍ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 63 ജില്ലകളിലാണ് ടി പി ആര്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ രേഖപ്പെടുത്തിയത്. എന്നാല്‍ ഇത് രണ്ടാഴ്ചകള്‍ക്ക് മുമ്പ് എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി 15 ജില്ലകളായിരുന്നു.

ഏറ്റവും കൂടുതല്‍ പ്രതിവാര ടി പി ആര്‍ രേഖപ്പെടുത്തുന്നവരുടെ പട്ടികയില്‍ ദില്ലിയിലെ നാല് ജില്ലകള്‍ ഉള്‍പ്പെടുന്നു - തെക്ക് (13.8%), ഈസ്റ്റ് (13.1%), വടക്ക്-കിഴക്ക് (12.3%), സെന്‍ട്രല്‍ (10.4%) എന്നിങ്ങനെയാണ് ടി പി ആര്‍ നിരക്ക്. കേരളത്തില്‍ വയനാട്, കോട്ടയം ജില്ലകളിലാണ് കേസുകള്‍ കൂടുതലുള്ളത്. വയനാട്ടില്‍ 14.8 ശതമാനം ടി പി ആര്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കോട്ടയത്ത് 10.5 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗുജറാത്തിലെ അഹമ്മദാബാദില്‍ 10.7 ശതമാനം, മഹാരാഷ്ട്രയിലെ സാംഗ്ലി 14.6 ശതമാനം, പൂനെ 11.1 ശതമാനം എന്നിങ്ങനെയാണ് ടി പി ആര്‍ നിരക്ക്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇന്ത്യയില്‍ കൊവിഡിന്റെ മൂന്നാം തരംഗത്തുള്ള ലക്ഷണങ്ങളാണ് രോഗികള്‍ കൂടുതലായും കാണിക്കുന്നത്. കൂടാതെ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് താരതമ്യേന കുറവാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആശുപത്രികളില്‍ കൊവിഡ് രോഗികളുടെ തിരക്ക് ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്സ് കോ-ചെയര്‍മാന്‍ ഡോ രാജീവ് ജയദേവന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ഡാറ്റ കൂടുതല്‍ സൂക്ഷ്മമായി പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നിലവില്‍ രണ്ട് കൊവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ഡല്‍ഹി ലോക് നായക് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ സുരേഷ് കുമാര്‍ പറഞ്ഞു. ഇവരില്‍ ഒരാള്‍ക്ക് വെന്റിലേറ്ററിന്റെ പിന്തുണ ആവശ്യമാണ്. മറ്റൊരു രോഗിക്ക് ഓക്‌സിജന്‍ പിന്തുണയും ആവശ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച മിക്ക രോഗികള്‍ക്കും കൊവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ്. രോഗ ലക്ഷണങ്ങളുമായി സമീപിക്കുന്നവരുമുണ്ട്. അവര്‍ക്ക് സ്ഥിരമായ പനി, ചുമ, അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളാണുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സാഹചര്യം അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതായി തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു., മാര്‍ച്ചില്‍ അവസാനിക്കുന്ന ആഴ്ചയില്‍ പ്രതിദിന ശരാശരി കേസുകള്‍ 966 ആയി ഉയര്‍ന്നിരുന്നു. മൂന്നാഴ്ച മുമ്പ് ശരാശരി പ്രതിദിന കേസുകള്‍ 313 ആയിരുന്നു.












Click it and Unblock the Notifications