ദില്ലിയില്‍ ഒരാളില്‍ നിന്ന് രണ്ട് പേർക്ക് വീതം കോവിഡ് ബാധിക്കുന്നു: ഐഐടി മദ്രാസ് പഠനം
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ദില്ലിയിലെ കോവിഡ് ആർ വാല്യു 2.1 ആയി ഉയർന്നതായി റിപ്പോർട്ട്. രോഗബാധിതനായ ഒരോ വ്യക്തിയില്‍ നിന്നും എത്രയാള്‍ രോഗം പടരുന്നുവെന്ന് കണക്കാക്കുന്നതാണ് ആർ വാല്യൂ. രാജ്യതലസ്ഥാനത്ത് രോഗബാധിതനായ ഓരോ വ്യക്തിയും മറ്റ് രണ്ട് പേർക്ക് രോഗം പടരാന്‍ കാരണമാവുന്നുവെന്നാണ് ഐഐടി-മദ്രാസിന്റെ വിശകലന റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. ആർ മൂല്യം ഒന്നിൽ താഴേക്ക് പോയാലാണ് ഒരു പാൻഡെമിക് അവസാനിക്കുന്നതായി കണക്കാക്കുന്നത്.
ഐഐടി-മദ്രാസിലെ പ്രൊഫ.നീലേഷ് എസ് ഉപാധ്യേ, പ്രൊഫ. എസ് സുന്ദർ എന്നിവർ നയിക്കുന്ന ഗണിതശാസ്ത്ര വകുപ്പും കമ്പ്യൂട്ടേഷണൽ മാത്തമാറ്റിക്‌സ് ആൻഡ് ഡാറ്റാ സയൻസിനായുള്ള മികവിന്റെ കേന്ദ്രവും ചേർന്നാണ് കമ്പ്യൂട്ടേഷണൽ മോഡലിംഗ് വഴിയുള്ള പ്രാഥമിക വിശകലനം നടത്തിയത്. അതേസമയം രാജ്യത്തെ ആർ മൂല്യം നിലവില്‍ 1.3 ആണ്.

"ഓരോ വ്യക്തിയും മറ്റ് രണ്ടുപേരുടെ രോഗബാധയ്ക്ക് കാരണമാവുന്നുണ്ടെന്ന് മാത്രമേ ഇപ്പോള്‍ ഞങ്ങൾക്ക് പറയാൻ കഴിയൂ.... എന്നാൽ പുതിയ തംരഗത്തിന്റെ ആരംഭം പ്രഖ്യാപിക്കാൻ അൽപ്പം കാത്തിരിക്കേണ്ടതുണ്ട്... പ്രതിരോധശേഷി നിലയെക്കുറിച്ചും മൂന്നാമത്തേതായി ബാധിക്കുന്ന ആളുകളെക്കുറിച്ചോ ഞങ്ങൾക്ക് അറിയില്ല." നാലാമത്തെ തരംഗത്തിന്റെ തുടക്കമാണിതെന്ന് അനുമാനിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായ ഐഐടി-മദ്രാസിലെ ഗണിതശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയന്ത് ഝാ പറഞ്ഞു.
മറ്റ് മെട്രോ നഗരങ്ങളിൽ -- മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളില്‍ ഈ പ്രവണത കണ്ടെത്താനാകാത്തവിധം കേസുകളുടെ എണ്ണം വളരെ കുറവാണെന്നും ഝാ സൂചിപ്പിച്ചു.
കൊവിഡ്-19 കേസുകളുടെ എണ്ണത്തിൽ ഡൽഹിയിൽ ദിനംപ്രതി വർധനവാണ് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച നഗരത്തിൽ 1,042 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി, പോസിറ്റീവ് നിരക്ക് 4.64 ശതമാനം.
അതേസമയം, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 187.26 കോടി (1,87,26,26,515) പിന്നിട്ടു. 2,29,29,662 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 2.57 കോടി യിലധികം (2,57,74,412) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 2,71,983 ഡോസ് കരുതൽ വാക്സിൻ നൽകി.
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 14,241 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.03% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.75 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,589 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,16,068 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,451 പേര്‍ക്കാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,48,939 പരിശോധനകള്‍ നടത്തി. ആകെ 83.38 കോടിയിലേറെ (83,38,25,991) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.47 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.55 ശതമാനവുമാണ്.












Click it and Unblock the Notifications