12-14 വയസ് പ്രായക്കാർക്ക് കോവിഡ് വാക്സിനേഷൻ; രജിസ്ട്രേഷൻ നാളെ മുതൽ; എങ്ങനെ ചെയ്യാം ? അറിയാം
ഡൽഹി: 12 - 14 പ്രായമുള്ളവരുടെ കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ മാർച്ച് 16 - ന് ആരംഭിക്കും. ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് കമ്പനി നിർമിച്ച കോർബെവാക്സ് വാക്സിനാണ് കുട്ടികളിൽ കുത്തിവെക്കുന്നത്.
കേന്ദ്ര ആരോഗ്യ വകുപ്പ് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ വിവിധ ശാസ്ത്ര - ആരോഗ്യ സ്ഥാപനങ്ങളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മാർച്ച് 16 മുതൽ 12 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള പ്രായക്കാർക്കാണ് വാക്സിനേഷൻ ആരംഭിക്കുക. 14 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ ഇന്ത്യയിൽ പൂർത്തിയാക്കി.

ഇതിന് പിന്നാലെയാണ് 12 മുതൽ 14 വയസ്സ് വരെയുള്ളവർക്ക് വാക്സിനേഷൻ നൽകുവാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ കുട്ടികൾ സുരക്ഷിതരാണ് എങ്കിൽ രാജ്യവും സുരക്ഷിതമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനുപുറമേ 60 വയസ്സ് പിന്നിട്ട എല്ലാവർക്കും മുൻകരുതൽ ഡോസുകൾ നൽകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 60 വയസ്സിന് മുകളിൽ പ്രായമുളളവരോട് വാക്സിൻ സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്നതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തിരുന്നു.

കുട്ടികൾക്കുളള കൊവിഡ് വാക്സിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം ; -
- 12 - നും 14 - നും ഇടയിൽ പ്രായമുള്ള കുട്ടികൾ കൊവിൻ പ്ലാറ്റ്‌ഫോമിലാണ് വാക്സിനായി രജിസ്റ്റർ ചെയ്യേണ്ടത്.
- കോർബെവാക്‌സ് ആണ് കുട്ടികൾക്ക് നൽകുന്നത്.
- വാക്സിനായി കുട്ടികൾക്ക് അവരുടെ കുടുംബാംഗങ്ങൾക്കൊപ്പമോ വെവ്വേറെയോ രജിസ്റ്റർ ചെയ്യാൻ സാധിക്കും.

- ആധാർ കാർഡുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ കുട്ടികൾക്ക് അവരുടെ വിദ്യാർത്ഥി ഐഡി കാർഡുകൾ ഉപയോഗിച്ച് വാക്സിനായി രജിസ്റ്റർ ചെയ്യാം.
- ഒരു കുടുംബത്തിലെ നാല് പേർക്ക് ഒരു മൊബൈൽ നമ്പറിൽ നിന്നും കൊവിഡ് വാക്സിന് രജിസ്റ്റർ ചെയ്യാം.
അതേസമയം, ജനുവരി 1 - ന് കൊവിൻ പ്ലാറ്റ്‌ഫോമിലൂടെ 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു.

കുട്ടികൾക്കുള്ള വാക്‌സിനേഷൻ ജനുവരി 3 - നാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. വാക്‌സിനേഷന്റെ ആദ്യ ദിവസം തന്നെ 15 നും 18 നും ഇടയിൽ പ്രായമുള്ള 40 ലക്ഷത്തിലധികം കുട്ടികൾക്ക് കോവിഡ് -19 വാക്‌സിൻ നൽകിയിരുന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,568 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചത്തെ കണക്കുകളെക്കാൾ 65 കേസുകളുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,29,96,062 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 97 മരണങ്ങൾ രേഖപ്പെടുത്തി, ഇതോടെ, ആകെ മരണസംഖ്യ 5,15,974 ആയി.എന്നാൽ, സജീവ കോവിഡ് കേസുകളുടെ എണ്ണം 33,917 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെയായിരുന്നു (0.37). അതേസമയം, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.46 ശതമാനമായി രേഖപ്പെടുത്തി.

ഇന്നലെ കൊവിഡിൽ നിന്നും രോഗമുക്തി നേടിയവരുടെ എണ്ണം 4,722 ആണ്. ഇതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,24,46,171 ആയി. നിലവിലെ വീണ്ടെടുക്കൽ നിരക്ക് 98.72 ശതമാനമാണെന്ന് സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യ ഇതുവരെ 180.36 കോടി കൊവിഡ് വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 ലക്ഷത്തിലധികം (17,11,867) ഡോസുകൾ നൽകിയതായാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications