കോവിഡ് മരണ നഷ്ടപരിഹാരം: അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ച് സുപ്രീംകോടതി
ദില്ലി: കൊവിഡ്-19 മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ച് സുപ്രീം കോടതി. 2022 മാർച്ച് 24-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം, ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സ്ഥിരീകരണ പ്രകാരമുള്ള കൊവിഡ്-19 മരണങ്ങൾക്ക് ബന്ധപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയക്രമമാണ് സുപ്രീം കോടതി നിശ്ചയിച്ചിരിക്കുന്നത്.
സുപ്രീംകോടതി തീരുമാനപ്രകാരം 2022 മാർച്ച് 20-ന് മുമ്പ് കോവിഡ്-19 മൂലം സംഭവിച്ച മരണങ്ങളിൽ നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമർപ്പിക്കുന്നതിന് 2022 മാർച്ച് 24 മുതൽ അറുപത് ദിവസത്തെ അധിക സമയ പരിധി ബാധകമായിരിക്കും. ഭാവിയിലെ കോവിഡ്-19 മൂലമുള്ള മരണങ്ങൾക്ക്, നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമർപ്പിക്കുന്നതിന്, മരണത്തിയതി മുതൽ തൊണ്ണൂറ് ദിവസം സമയവും നൽകും.

അപേക്ഷകൾ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളിൽ തീരുമാനമെടുത്ത് നഷ്ടപരിഹാരം നൽകണമെന്ന മുൻ ഉത്തരവ് നടപ്പിലാക്കുന്നത് തുടരണമെന്നും കോടതി വ്യക്തമാക്കുന്നു. നിശ്ചിത സമയ പരിധിയ്ക്കുള്ളിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, പരാതി പരിഹാര സമിതിയെ സമീപിക്കാനും സമിതി മുഖേന നഷ്ടപരിഹാരത്തിന് അവകാശവാദം ഉന്നയിക്കാനും അനുമതി നൽകാമെന്ന് കോടതി നിർദ്ദേശിച്ചു. ഒരു അപേക്ഷകന് തന്റെ നിയന്ത്രണത്തിന് അതീതമായ കാരണത്താൽ നിശ്ചിത പരിധിയ്ക്കുള്ളിൽ അവകാശവാദം ഉന്നയിക്കാൻ കഴിഞ്ഞില്ലെന്ന് സമിതി കണ്ടെത്തിയാൽ അർഹിക്കുന്ന പരിഗണന നൽകി അവരുടെ കേസ് പരിഗണിക്കാവുന്നതാണ്.
കൂടാതെ, നഷ്ടപരിഹാരത്തിനുള്ള വ്യാജ അപേക്ഷകൾ ഒഴിവാക്കുന്നതിനായി, ലഭിച്ച അപേക്ഷകളുടെ 5% ന്മേൽ ആകസ്‌മിക സൂക്ഷ്മപരിശോധന ആദ്യ ഘട്ടത്തിൽ തന്നെ നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. ആരെങ്കിലും വ്യാജ അവകാശവാദം ഉന്നയിച്ചതായി കണ്ടെത്തിയാൽ, അത് 2005 ലെ DM നിയമം, വകുപ്പ് 52 പ്രകാരം പരിഗണിക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും.
അതേസമയം ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത് 861 പേർക്കാണ്. രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 185.74 കോടിയും (1,85,74,18,827) കടന്നു. 2,24,81,173 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. 12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതൽ ആരംഭിച്ചു. ഇതുവരെ 2.22 കോടിയിൽ (2,22,67,519) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു.
അതുപോലെ, 18-59 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ്19 മുൻകരുതൽ ഡോസ് ഇന്നലെ, അതായത് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു. ആദ്യ ദിവസം 9,674 മുൻകരുതൽ ഡോസുകൾ നൽകി. രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം കുറഞ്ഞു വരികയാണ്. നിലവിൽ ചികിത്സയിലുള്ളത് 11,058 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.03% ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 929 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,03,383 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.76%.
കഴിഞ്ഞ 24 മണിക്കൂറിൽ 2,71,211 പരിശോധനകൾ നടത്തി. 79.41 കോടിയിൽ അധികം (79,41,18,951) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.23 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.32 ശതമാനമാണ്. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 188.88 കോടിയിൽ അധികം (1,88,88,10,015) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 18.03 കോടിയിൽ അധികം (18,03,24,566) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.












Click it and Unblock the Notifications