ഇന്ത്യയിലെ കൊവിഡ് കേസുകൾ വീണ്ടും മുകളിലേക്ക്; ഇന്ന് 3,805 പേർക്ക് രോഗം; റിപ്പോർട്ട് ഇങ്ങനെ
ഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,805 പേർക്കാണ് ഇന്ത്യയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 22 പേർ രോഗം ബാധിച്ച് മരണപ്പെട്ടു. 3168 പേരാണ് രോഗമുക്തി നേടിയത്. നിലവിലെ സജീവ കേസുകളുടെ 20,303 ആയി ഉയർന്നുവെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,30,98,743 ആണ്. 22 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ആകെ മരണം 5,24,024 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനവുമാണ്. അതേസമയം ഇതുവരെ 4,25,54,416 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം, ഇന്ത്യയിൽ 4.7 ദശലക്ഷം കോവിഡ് മരണങ്ങൾ സംഭവിച്ചു എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ, ഈ കണക്കുകളിൽ ശക്തമായ എതിർപ്പ് ഉന്നയിച്ച് സെൻട്രൽ കൗൺസിൽ ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സമ്മേളനത്തിൽ പ്രമേയം പാസാക്കിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ ഈ കണക്കുകൾ പിഴവുണ്ടെന്നും ഇന്ത്യയ്ക്ക് ഈ കണക്കുകൾ സ്വീകാര്യമല്ലെന്നും പ്രമേയത്തിൽ പറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഗുജറാത്തിലെ കെവാഡിയയിൽ നടന്ന സെൻട്രൽ കൗൺസിൽ ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്.
20 ഓളം സംസ്ഥാന ആരോഗ്യ മന്ത്രിമാർ ലോകാരോഗ്യ സംഘടനയുടെ ഈ റിപ്പോർട്ട് നിരസിക്കുന്ന സാഹചര്യം ഉണ്ടായി. ലോകാരോഗ്യ സംഘടനയുമായു മറ്റ് അന്താരാഷ്ട്ര ആ റിപ്പോർട്ട് ചർച്ച ചെയ്യാനും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയോട് ആരോഗ്യ മന്ത്രിമാർ അഭ്യർത്ഥിച്ചു. കർണാടക, മധ്യപ്രദേശ്, ബിഹാർ, പഞ്ചാബ്, ഡൽഹി, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, സിക്കിം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മന്ത്രിന്മാരും എതിർപ്പ് ഉന്നയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
വ്യാഴാഴ്ചയാണ് ലോകാരോഗ്യ സംഘടന മരണപ്പെട്ടവരുടെ റിപ്പോർട്ടുകൾ പുറത്തിറക്കിയത്. കൊറോണ വൈറസ് മൂലമോ അല്ലെങ്കിൽ മറ്റ് ആരോഗ്യ കാരണങ്ങൾ കൊണ്ടോ കഴിഞ്ഞ രണ്ട് വർഷത്തിനിടെ മരണപ്പെട്ടവരുടെ റിപ്പോർട്ടുകളാണ് പുറത്തു വന്നത്. തെക്കു കിഴക്കൻ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് മരണങ്ങൾ കൂടുതൽ സംഭവിച്ചിരിക്കുന്നത്.
റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ 4.7 ദശലക്ഷം കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. ഈ വിഷയമാണ് വെള്ളിയാഴ്ച നടന്ന സെൻട്രൽ കൗൺസിൽ ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സമ്മേളനത്തിൽ ചർച്ച ചെയ്തത്.












Click it and Unblock the Notifications