വീണ്ടും 50,000 കടന്ന് കോവിഡ് പ്രതിദിന കണക്ക്; രാജ്യത്ത് രോഗവ്യാപനം രൂക്ഷം
ഒക്ടോബർ 23നായിരുന്നു ഇതിന് മുമ്പ് അവസാനാമായി കോവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളിൽ എത്തിയത്
ന്യൂഡൽഹി: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 53364 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മാസത്തിന് ശേഷം ആദ്യമായാണ് പ്രതിദിനം പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം അമ്പതിനായിരം കടക്കുന്നത്. ഒക്ടോബർ 23നായിരുന്നു ഇതിന് മുമ്പ് അവസാനാമായി കോവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളിൽ എത്തിയത്. അന്ന് 54350 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

2020 ഒക്ടോബറിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒരു ലക്ഷത്തിൽ നിന്ന് ഇരുപതിനായിരത്തിൽ താഴേയായി കുറഞ്ഞ കോവിഡ് രോഗികളുടെ എണ്ണം എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീണ്ടും വർധിച്ചുക്കൊണ്ടിരിക്കുകയാണ്.
ബുധനാഴ്ച തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മരണങ്ങൾ 200ന് മുകളിലെത്തിയിരുന്നു. 248 പേർ കോവിഡ് മൂലം മരണപ്പെട്ടുവെന്ന് ബുധനാഴ്ചത്തെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഇത് 276 ആയിരുന്നു. ഒക്ടോബർ 23ലെ കണക്കനുസരിച്ച് 686792 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയിലാണ് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ്. ബുധനാഴ്ച 31,855 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15098 പേര്‍ രോഗമുക്തി നേടുകയും 95 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 25,64,881 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 22,62,593 പേര്‍ രോഗമുക്തി നേടി. 53,684 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. നിലവില്‍ 2,47,299 ചികിത്സയിലുണ്ട്.
കേരളത്തിൽ ഇന്നലെ 2456 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാൽ സംസ്ഥാനത്തും വർധനവ് വ്യക്തമാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2060 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 24,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,80,803 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.












Click it and Unblock the Notifications