കൊവിഡ് 19; ഇന്ത്യയിൽ ഒരു മരണം കൂടി!! മരിച്ചത് മുംബൈ സ്വദേശി! രാജ്യത്ത് 324 പേർക്ക് കൊവിഡ്
മുംബൈ; ഇന്ത്യയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മുംബൈ സ്വദേശിയായ 63 കാരനാണ് മരിച്ചത്. സൗത്ത് മുംബൈയിലെ വാൽക്കെഷ്വാർ നിവാസിയാണ് ഇദ്ദേഹം. എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. രോഗിക്ക് കടുത്ത പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നു.ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരിടെ എണ്ണം ആറായും ഉയർന്നു.

ഇന്ത്യയിൽ ഏറ്റവും അധികം കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്ന് ബിഹാറിലും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. പാട്നയിലെ എയിംസിൽ ചികിത്സയിലായിരുന്നു 38 വയസുകാരനായ സെയ്ഫ് അലിയെന്നയാളാണ് മരിച്ചത്. ഇയാൾ ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. കർണാടകത്തിലാണ് രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചത്. ദില്ലിയിലും പഞ്ചാബിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 324 ആയി ഉയർന്നതായി ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 41 പേർ വിദേശികളാണ്. മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് ബാധിച്ചവരുടെ എണ്ണം 74 ആയി ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഏറ്റവും കൂടുതൽ പേരിൽ രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്.
കേരളത്തില്‍ ഇന്നലെ മാത്രം 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6 പേര്‍ കാസര്‍കോടും കണ്ണൂരിലും എറണാകുളത്തും 3 പേര്‍ വീതവുമാണ്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 52 ആയി. 53013 പേര്‍ ആണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 52785 വീടുകളിലും 228 പേര്‍ ആശുപത്രികളിലുമാണ്.
തെലങ്കാനയിൽ 21, രാജസ്ഥാൻ 24, കർണാടക 20, പഞ്ചാബ് 13, ലഡാക്ക് 13, ഗുജറാത്ത് 14, തമിഴ്നാട് 6, മധ്യപ്രദേശ് 4 ജമ്മുകാശ്മീർ 4, ബംഗാൾ 4, ആന്ധ്രാപ്രദേശ് 3 ഉത്തരാഖണ്ഡ് 3, ഒഡീഷ 2, ഹിമാചൽ പ്രദേശ് 2 എന്നിങ്ങനെയാണ് നിലവിൽ സംസ്ഥാനങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ലോകത്ത് 10,000 ത്തിന് മുകളിൽ ആളുകളാണ് കൊറോണയെ തുടർന്ന് മരിച്ചത്.2.3 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ്. 4825 പേരാണ് ഇറ്റലിയിൽ രോഗം ബാധിച്ച് മരിച്ചത്.












Click it and Unblock the Notifications