കൊവിഡ് ആര്‍ വാല്യു നാല് സംസ്ഥാനങ്ങളില്‍ ഒന്നിലേക്ക്; ജാഗ്രത വേണമെന്ന് വിദഗ്ധര്‍
ന്യൂദല്‍ഹി: രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് ആര്‍ വാല്യൂവില്‍ വര്‍ധന. ഗുജറാത്ത്, ഹരിയാന, ഡല്‍ഹി, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഒന്നില്‍ കൂടുതലാണ് ആര്‍ വാല്യു ( റീപ്രൊഡക്ടീവ് വാല്യു ). ഡല്‍ഹിയില്‍ 1.08, മണിപ്പൂരില്‍ 1.02, ഗുജറാത്തില്‍ 1.29 എന്നിങ്ങനെയാണ് കണക്ക്. രാജ്യത്താകെ 0.87 ശതമാനമാണ് ആര്‍ വാല്യു. ആറ് സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് ആര്‍ വാല്യു. കര്‍ണാടകയില്‍ 0.94 ഉം തെലങ്കാനയില്‍ 0.93 ആണ് ആര്‍ വാല്യു. കേരളത്തില്‍ 0.78 ഉം പശ്ചിമ ബംഗാളില്‍ 0.72 ഉം ആണ് ആര്‍ വാല്യു. പഞ്ചാബില്‍ 0.75 ആണ് ആര്‍ വാല്യു.
രോഗവ്യാപനം എത്ര വേഗത്തില്‍ പടരുന്നു എന്നതാണ് ആര്‍ വാല്യു കാണിക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം കൊവിഡ് അണുബാധ പടരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. കൊവിഡ് ഡാറ്റ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ദി പ്രിന്റും സമാനമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മാസം 0.55 ല്‍ നിന്ന് 0.77 ആയി വര്‍ദ്ധിച്ചിരുന്നു. ആര്‍ വാല്യു ഒന്നിലെത്തുന്നത് ജാഗത്രയോടെ കാണണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അസമിന്റെ ആര്‍ വാല്യു 1 ന് അടുത്താണ്.

കേസുകളുടെ എണ്ണം സാവധാനത്തില്‍ വര്‍ദ്ധിച്ചേക്കാമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഫെബ്രുവരി 28ന് ഏകദേശം 0.85 ആയിരുന്ന സംസ്ഥാനത്തിന്റെ ആ വാല്യു 0.99 ആയി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്തരാഖണ്ഡും ആര്‍ വാല്യു ഉയര്‍ന്ന നിലയിലാണ് കാണിക്കുന്നത്. അതേസമയം പുതിയ കണക്കുകള്‍ പ്രകാരം ആര്‍ വാല്യു കേരളത്തില്‍ കുറവാണ്. ഒരു മാസത്തിനിടെ കേരളത്തിന്റെ ആര്‍ വാല്യു 0.54 ല്‍ നിന്ന് 0.83 ആയി ഉയര്‍ന്നിരുന്നു. എന്നാല്‍ പുതിയ കണക്ക് പ്രകാരം ഇത് 0.78 ആയി കുറഞ്ഞത് ആശ്വാസമാണ്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 1,088 പേര്‍ക്ക് പുതുതായി കൊവിഡ് ബാധിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 4,30,38,016 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് ബുധനാഴ്ച 26 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 5,21,736 ആയി. നിലവില്‍ രാജ്യത്ത് കൊവിഡ് സജീവ കേസുകളുടെ എണ്ണം 11,058 ആയി കുറഞ്ഞു.

മൊത്തം കേസുകളുടെ 0.03 ശതമാനവും സജീവമായ കേസുകളാണ്. അതേസമയം രോഗ മുക്തി നിരക്ക് 98.76 ശതമാനമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19 കേസുകളില്‍ കുറവ് രേഖപ്പെടുത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.23 ശതമാനവുമാണ് രേഖപ്പെടുത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. രോഗം ഭേദമായവരുടെ എണ്ണം 4,25,02,454 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.21 ശതമാനമാണ്.

അതേസമയം രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 1000 കടക്കുന്നത്.തിങ്കളാഴ്ച 861 കേസുകളും ചൊവ്വാഴ്ച 796 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15 ലക്ഷത്തിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കി. അതില്‍ 17,000-ത്തിലധികം 60 വയസ്സിന് താഴെയുള്ള മുതിര്‍ന്നവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസുകളാണ്. രാജ്യവ്യാപകമായി വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 186.07 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications