ബിജെപിയുടെ യാത്രയ്ക്ക് കൊവിഡില്ല; ഭാരത് ജോഡോ യാത്രയ്ക്ക് കൊവിഡ്, എന്താണിതെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ സംഘാടകര്‍ക്ക് കൊവിഡ് വ്യാപന സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കിയതില്‍ പക്ഷപാതമുണ്ടെന്ന് കോണ്‍ഗ്രസ്. കര്‍ണാടകയിലും രാജസ്ഥാനിലും ബിജെപി യാത്രകള്‍ സംഘടിപ്പിച്ചിരുന്നു. യാതൊരു നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയില്ല. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡാവിയ ഭാരത് ജോഡോ യാത്രയ്ക്ക് മാത്രം നിയന്ത്രണം ചൂണ്ടിക്കാട്ടി കത്തയച്ചിരിക്കുന്നു. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

ചൈനയില്‍ കൊവിഡ് വ്യാപിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇന്ത്യയിലും നിയന്ത്രണം കടുപ്പിക്കാന്‍ ഇടയാക്കിയത്. ഭാരത് ജോഡോ നയിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ ഗാന്ധിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനുമാണ് കേന്ദ്ര ആരോഗ്യ മന്ത്രി കത്തയച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്ക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദേശം. സര്‍ക്കാര്‍ പക്ഷപാതപരമായിട്ടാണ് നീങ്ങുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പ്രതികരിച്ചു.
സര്‍ക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കണം. പൊതുഗതാഗത രംഗത്തും നിയന്ത്രണങ്ങള്‍ നടപ്പാക്കണം. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസും മാനദണ്ഡങ്ങള്‍ പാലിക്കും. രാജസ്ഥാനിലെ ബിജെപി അധ്യക്ഷന് എന്തുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രി കത്തയച്ചില്ല. രാജസ്ഥാനില്‍ ബിജെപി ജനക്രോഷ് യാത്ര സംഘടിപ്പിക്കുകയാണ്. ബിജെപിയുടെ യാത്രയ്ക്ക് ജനപിന്തുണ ലഭിച്ചിട്ടില്ല. എന്നാല്‍ ഭാരത് ജോഡോ യാത്രയില്‍ വന്‍ ജനപങ്കാളിത്തവുമാണ്. ഇതാണ് രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആരോഗ്യമന്ത്രി കത്തയക്കാന്‍ ഇടയാക്കിയതെന്നും പവന്‍ ഖേര കുറ്റപ്പെടുത്തി.
കര്‍ണാടകയിലും ബിജെപി യാത്ര സംഘടിപ്പിക്കുന്നുണ്ട്. അതിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. മാസ്‌ക് ധരിക്കാതെയാണ് ട്രെയിനും വിമാനത്തിലും എല്ലാവരും യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഭാരത് ജോഡോ യാത്രയ്ക്ക് മാത്രം കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും പവന്‍ ഖേര ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റില്‍ പോലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. ബിജെപി യാത്രയ്ക്കും നിയന്ത്രണമില്ല. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും മാത്രമാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. പാര്‍ലമെന്റില്‍ എല്ലാ അംഗങ്ങളും എത്തുന്നുണ്ട്. ബിജെപിയുടെ ജനക്രോഷ് യാത്രയ്ക്കും തടസമില്ല. നിങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രഖ്യാപിക്കൂ. അപ്പോള്‍ ഞങ്ങള്‍ പാലിക്കുമെന്നും പവന്‍ ഖേര പറഞ്ഞു.












Click it and Unblock the Notifications