കൊവിഡ് രണ്ടാം തരംഗം ഭയാനകം; മൃതദേഹങ്ങള്‍ കുന്നുകൂടി ചത്തീസ്ഗഢിലെ സര്‍ക്കാര്‍ ആശുപത്രി
റായ്പൂര്‍: കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്. ഒരു ലക്ഷത്തില്‍ കൂടുതല്‍ കേസുകളാണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹരാഷ്ട്രയിലെ സാഹചര്യം ഗുരുതരമായി തുടരുകയാണ്. ഏറ്റവും കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. മറ്റ് സംസ്ഥാനങ്ങളും സാഹചര്യം ഗുരുതരമായി തുടരുകയാണ്.

ഇതിനിടെ ചത്തീസ്ഗഢില്‍ നിന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇവിടെ റായ്പൂരില്‍ കൊവിഡ് കേസുകള്‍ പെട്ടന്നാണ് ഉയര്‍ന്നത്. മരണവും പ്രതിദിനം വര്‍ദ്ധിക്കുകയാണ്. മരണനിരക്ക് ഉയരുന്നതിനിടെ റായ്പൂരിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഞെട്ടിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ ആശുപത്രിയില്‍ ഒഴിവുവന്ന മുറികളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടി കിടക്കുന്ന ചിത്രമാണത്.
പേടിപ്പെടുത്തുന്ന ഈ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആശുപത്രികളില്‍ ഒഴിവുള്ള മുറികളില്‍ സ്‌ട്രെക്ചറുകളിലും തറയിലുമായി മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഇതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. മുറികള്‍ നിറഞ്ഞതിന് പിന്നാലെ ആശുപത്രി കെട്ടിടത്തിന് പുറത്തും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിട്ടുണ്ട്. ആശുപത്രിയിവല്‍ മൃതദേഹം സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നും ഫ്രീസറുകള്‍ എല്ലാം ഉപയോഗത്തിലാണെന്നും കടുത്ത പ്രതിസന്ധിയാണ് ആശുപത്രി നേരിടുന്നതെന്നും അധികൃതര്‍ പറയുന്നു.
ഇത്രയും മരണം സംഭവിക്കുന്ന സാഹചര്യം ഇവിടെയുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ആവശ്യത്തിന് വേണ്ട ഫ്രീസറുകള്‍ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നതാണ്. എന്നാല്‍ ഒന്നോ രണ്ടോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥലത്ത് ഇന്ന് പത്തും ഇരുപതും മരണങ്ങള്‍ വരെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഞങ്ങള്‍ പ്രതിസന്ധിയിലായി. ഇതിനിടെ മരണ നിരക്ക് വീണ്ടും ഉയര്‍ന്ന് അമ്പതും അറുപതുമായി. എങ്ങനെയാണ് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുക- റായ്പൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മീര ബാഗല്‍ പറയുന്നു.












Click it and Unblock the Notifications