ജനുവരി 13 മുതൽ കൊവിഡ് വാക്സിൻ വിതരണത്തിന് സജ്ജം, മെഗാ വാക്‌സിന്‍ സംഭരണശാലകള്‍ തയ്യാർ
ദില്ലി: ജനുവരി 13 മുതല്‍ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വാക്‌സിനുകള്‍ക്ക് അടിയന്തര അനുമതി ലഭിച്ച് പത്ത് ദിവസത്തിനുളളില്‍ വിതരണത്തിനായി സംസ്ഥാനങ്ങളില്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എന്ന് മുതല്‍ രാജ്യത്ത് ആരംഭിക്കും എന്നത് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വാക്‌സിന്‍ സൂക്ഷിക്കുന്നതിന് വേണ്ടി മെഗാ വാക്‌സിന്‍ സംഭരണശാലകള്‍ തയ്യാറായിക്കഴിഞ്ഞു. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, കര്‍ണാല്‍ എന്നിവിടങ്ങളിലാണ് വാക്‌സിന്‍ സംഭരണശാലകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ നിന്നാണ് 37 കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ കൊണ്ട് പോവുക. 29,000 കോള്‍ഡ് സ്‌റ്റോറേജുകളും മരുന്ന് സംഭരണത്തിന് തയ്യാറായിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം രാജ്യത്ത് നടത്തിയ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്ണില്‍ വാക്‌സിന്‍ വിതരണത്തിനുളള എല്ലാ നടപടികളും വിലയിരുത്തിയതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു. വാക്‌സിന്‍ സ്വീകരിക്കേണ്ടവന്‍ കൊ- വിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൊ-വിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം കൊവിഡ് പ്രതിരോധത്തിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ കൊ-വിന്‍ ആപ്പിലുണ്ടാകും.
രണ്ട് വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് വിതരണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ചെടുത്ത കൊവാക്‌സിനും ഓക്‌സ്‌ഫോര്‍ഡ്- ആസ്ട്ര സെനിക്കയുടെ കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡിനുമാണ് ഡിസിജിഐ കഴിഞ്ഞ ദിവസം അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഭാരത് ബയോടെക് ആണ് കൊവാക്‌സിന്‍ നിര്‍മ്മിക്കുന്നത്. രണ്ട് വാക്‌സിനുകളും പൂര്‍ണമായും സുരക്ഷിതമാണ് എന്നാണ് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.












Click it and Unblock the Notifications