കൊവിഡ് വാക്സിനുകളുടെ പുരോഗതി വിലയിരുത്തും; 28ന് 3 ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി
ദില്ലി; കോവിഡ് വാക്സിന്റെ ഉത്പാദനത്തേയും വിതരണ പദ്ധതികളേയും കുറിച്ചുള്ള അവലോകനത്തിനും നിരീക്ഷണത്തിനുമായി പ്രധാനമന്ത്രി 28 ന് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പൂനെയിൽ മാത്രമല്ല ശനിയാഴ്ച അദ്ദേഹം ഹൈദരാബാദ്,അഹമ്മദാബാദ് എന്നിവിടങ്ങളിലും സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്.
ഹൈദരാബാദിലെ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന്റെ കേന്ദ്രവും അഹമ്മദാബാദിലെ സൈഡന് കാഡില ഫെസിലിറ്റീസ് കേന്ദ്രവുമാണ് പ്രധാനമന്ത്രി സന്ദർശിക്കുക. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിൻ നിര്‍മിക്കുന്നത് ഭാരത് ബയോടെക്കാണ്.ഐസിഎംആറിൻ്റെ സഹകരണത്തോടെയാണ് കൊവാക്സിൻ ഗവേഷണവും നിർമ്മാണവും നടക്കുന്നത്.
വൈകീട്ട് നാല് മണിയോട് കൂടിയാണ് പ്രധാനമന്ത്രി ഹൈദരാബാദിലെത്തുക.
ഉച്ചകഴിഞ്ഞ് പൂനെയിൽ നിന്ന് വ്യോമസേന വിമാനത്തിൽ മോദി ഹക്കിംപേട്ട് വ്യോമസേന സ്റ്റേഷനിൽ എത്തുമെന്ന് തെലങ്കാന ചീഫ് സെക്രട്ടറി വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു. വൈകീട്ട് നാലിനും അഞ്ചിനും ഇടയിൽ ജീനോം വാലിയിലെ ഭാരത് ബയോടെക്ക് കേന്ദ്രം സന്ദർശിച്ച് വൈകീട്ട് 5.30 ഓടെ തന്നെ അദ്ദേഹം ദില്ലിയിലേക്ക് തിരിക്കും.
ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണം നടക്കുന്ന ആദ്യത്തെ കൊവിഡ് വാക്സിനാണ് കൊവാക്സിൻ.കൊവാക്സിന് ഫെബ്രുവരിയോടെ തയ്യാറാകുമെന്നാണ് ഐസിഎംആര്‍ ശാസ്ത്രജ്ഞർ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
അഹമ്മദാബാദിൽ സിഡസ് കാഡിന വാക്സിൻ ഗവേഷണമാണ് പുരോഗമിക്കുന്നത്. ഇവിടെയും പ്രധാനമന്ത്രി സന്ദർശിക്കും. ശനിയാഴ്ച ആദ്യം സെറം ഇൻസ്റ്റിറ്റ്യൂട്ട് ആകും പ്രധാനമന്ത്ി സന്ദർശിക്കുക. കൊവിഷീൽഡ് വാക്സിന്റെ പുരോഗതി വിലയിരുത്തുന്നതിനായാണ് അദ്ദേഹം സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്നത്. ബ്രിട്ടീഷ് മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാ സെനേകയും, ഒക്സ്ഫഡ് സർവ്വകലാശാലയും സംയുക്തമായാണ് കൊവിഷീൽഡ് വികസിപ്പിക്കുന്നത്.നിലവിൽ കൊവിഷീൽഡിന്റെ അന്തിമ ഘട്ട പരീക്ഷണമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.