കൊവിഡ് വാക്സിൻ വിരുദ്ധ വീഡിയോകൾക്ക് വിലക്കേർപ്പെടുത്തും: ചട്ടം കടുപ്പിച്ച് യൂട്യൂബ്
ദില്ലി: കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ജനങ്ങൾക്ക് വാക്സിൻ നൽകുന്ന തിരക്കിലാണ് ലോകരാജ്യങ്ങൾ. ഇതിനിടെ പുതിയ നടപടിയ്ക്കൊരുങ്ങുകയാണ് യൂട്യൂബ്. അംഗീകൃത വാക്സിനുകൾ അപകടകരമാണെന്ന് തെറ്റായ രീതിയിൽ അവകാശപ്പെടുന്ന വീഡിയോകൾ നീക്കം ചെയ്യുമെന്നാണ് യൂട്യൂബ് ബുധനാഴ്ച വ്യക്തമാക്കിയത്. കോവിഡിനെക്കുറിച്ചും വാക്സിനേഷനെക്കുറിച്ചും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നവരെ നിയന്ത്രിക്കാനാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് യൂട്യൂബിന്റെ നീക്കവും.
കൊവിഡ് ചികിത്സയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ നേരത്തെ തന്നെ യൂട്യൂബ് നിരോധിച്ചിരുന്നു. കൊവിഡ് വാക്സിൻ സുരക്ഷിതമല്ലെന്ന അവകാശവാദങ്ങളുന്നയിക്കുന്ന പോസ്റ്റുകളും തെറ്റായ വിവരങ്ങൾ നേരത്തെ തന്നെ യുട്യൂബ് നീക്കം ചെയ്തിരുന്നു.

മെഡിക്കൽ രംഗത്തെ ഗൂഡാലോചന സിദ്ധാന്തങ്ങളുടെ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾ പാൻഡെമിക്കിന് അതീതമാണ്. അതുകൊണ്ട് തന്നെ ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയുമെന്നും യൂട്യൂബ് വ്യക്തമാക്കി. കൊവിഡ് വാക്സിനുകളെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങളും വിവരങ്ങളും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ പരത്തുന്നതിന് കാരണമാകുമെന്ന് തങ്ങൾ മനസ്സിലാക്കിയെന്നും യുട്യൂബ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഞങ്ങളുടെ പ്രവർത്തനം കൊവിഡിൽ നിന്ന് കൊവിഡ് വാക്സിനിലേക്ക് വ്യാപിപ്പിക്കേണ്ട സമയം ഇതാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു. നിലവിൽ ഉപയോഗിച്ചുവരുന്ന കൊവിഡ് വാക്സിനുകൾ സുരക്ഷിതമാണെന്ന് ആരോഗ്യവകുപ്പ് അധികൃതരും ലോകോരാഗ്യ സംഘടനയും അംഗീകരിച്ചിട്ടുള്ളതാണ്. കൊവിഡ് വാക്സിന് പുറമേ മീസിൽസ്, ഹെപ്പറ്റൈറ്റിസ് ബി എന്നീ രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവെയ്പുകളുടെ വാക്സിനുകളെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങളുന്നയിക്കുന്ന പോസ്റ്റുകളും നീക്കം ചെയ്തുകഴിഞ്ഞിട്ടുണ്ട്.
അംഗീകൃത വാക്സിനുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കില്ലെന്നോ അല്ലെങ്കിൽ വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നുമുള്ള വ്ലോഗർമാർ അവകാശപ്പെടുന്ന കേസുകളും ഇതിൽ ഉൾപ്പെടും. അംഗീകൃത വാക്സിനുകൾ ഓട്ടിസത്തിനും അർബുദത്തിനും അല്ലെങ്കിൽ വന്ധ്യതയ്ക്കും കാരണമാകുന്നുവെന്നോ അവകാശപ്പെടുന്ന ഉള്ളടക്കവും നീക്കംചെയ്യപ്പെടും. എന്നാൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വാക്സിൻ ഉപയോഗിച്ചത് മൂലമുണ്ടായ പ്രശ്നങ്ങൾ സാക്ഷ്യപ്പെടുത്തുന്ന പോസ്റ്റുകൾ അനുവദിക്കും. കോവിഡ് -19 വാക്സിൻ നയങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ വർഷം മുതൽ 130,000 വീഡിയോകൾ നീക്കം ചെയ്തതായി യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications