തമിഴ്നാട്ടിൽ ഗോവധ നിരോധനം, പശുക്കളെയോ കിടാങ്ങളെയോ അറക്കരുത്, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ച് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. പശുക്കളെ അറുക്കുന്നത് നിരോധിച്ചുകൊണ്ട് 1976 ഓഗസ്റ്റ് 30ന് പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കാൻ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിന് നിർദേശം നൽകി. ബക്രീദ് ദിനങ്ങളിലോ മറ്റ് ദിവസങ്ങളിലോ സംസ്ഥാനത്ത് പശുക്കളെയോ പശുക്കിടാങ്ങളെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതി ആവശ്യപ്പെട്ടു.
ഈ ഉത്തരവ് ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും ആവശ്യമായ നിർദേശങ്ങൾ നൽകണമെന്ന് ചീഫ് സെക്രട്ടറിയോടും ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസിനോടും ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, വി. ലക്ഷ്മീനാരായണൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
"ബക്രീദ് ദിനങ്ങളിലോ മറ്റ് ദിവസങ്ങളിലോ പശുക്കളെയോ പശുക്കിടാങ്ങളെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തമിഴ്‌നാട് സർക്കാരിന് നിർദേശം നൽകിക്കൊണ്ട് ഞങ്ങൾ ഈ റിട്ട് ഹർജി അനുവദിക്കുന്നു," കോടതി തങ്ങളുടെ ഉത്തരവിൽ പറഞ്ഞു.

പൊതുസ്ഥലങ്ങളിൽ പശുക്കളെ അറുക്കുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂർ സ്വദേശിയായ കെ. സൂര്യ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. അംഗീകൃത കശാപ്പുശാലകളിൽ അല്ലാതെ മറ്റൊരിടത്തും മൃഗങ്ങളെ അറുക്കാൻ അധികൃതർ അനുവദിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി.
കോയമ്പത്തൂരിലെ ഡി2 സെൽവപുരം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സമർപ്പിച്ച സത്യവാങ്മൂലത്തിലെ നിലപാടിനെതിരെ കോടതി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. പശുക്കളെ അറുക്കുന്നതിനായി ചില താൽക്കാലിക സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് പോലീസ് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്.
പോലീസിന്റെ ഈ നിലപാടിനെ എതിർത്ത കോടതി, താൽക്കാലിക ഷെഡുകളെ എങ്ങനെയാണ് നിയമപരമായ കശാപ്പ് കേന്ദ്രങ്ങളായി കണക്കാക്കാൻ കഴിയുക എന്ന് ചോദ്യം ചെയ്തു. ബക്രീദ് സമയത്ത് പശുക്കളെ അറുക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ഹർജിക്കാരൻ നേരത്തെ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
2020 ജൂലൈ 30ലെ ഡിവിഷൻ ബെഞ്ച് ഉത്തരവും 1976ൽ തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച പശു കശാപ്പ് നിരോധന ഉത്തരവും കോടതി ചൂണ്ടിക്കാണിച്ചു. നിയമം എല്ലാ സാഹചര്യങ്ങളിലും പശുക്കളെ അറുക്കുന്നത് പൂർണ്ണമായി നിരോധിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എങ്കിലും, ബന്ധപ്പെട്ട നിയമപ്രകാരമുള്ള നിബന്ധനകൾ പാലിക്കപ്പെടാതെ പശുക്കളെ അറുക്കാൻ അനുവദിക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.














Click it and Unblock the Notifications